ചൈന-ആസ്‌ത്രേലിയ വ്യാപാരയുദ്ധം: ചൈനീസ് അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ ജനുവരി പകുതിയോടെ നാട്ടിലെത്തും

Update: 2021-01-09 12:29 GMT

ന്യൂഡല്‍ഹി: ചൈനീസ് സൈനികാതിര്‍ത്തിയില്‍ കുടുങ്ങിയ 39 കപ്പല്‍ജീവനക്കാര്‍ ജനുവരി 14ഓടെ നാട്ടിലെത്താനുള്ള വഴി തുറക്കുന്നു. തുറമുഖ, ഷിപ്പിങ് സഹമന്ത്രി മനുസുഖ് മന്‍ഡാവിയയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എം വി ജഗ് ആനന്ദിലെ 23 പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

കൊവിഡ് നിയന്ത്രണത്തിന്റെ മറവിലാണ് ചൈനീസ് അധികൃതര്‍ എംവി ജഗ് ആനന്ദ്, എം വി അനസ്താസിയ തുടങ്ങി രണ്ട് കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് പ്രവേശനം നിഷേധിച്ചത്. ഇതോടെ ജീവനക്കാര്‍ കടലില്‍ കുടുങ്ങി. ചൈനീസ് അതിര്‍ത്തിയില്‍ ജയിലിലെന്ന പോലെ കപ്പലില്‍ തുടരേണ്ടിവന്ന ജീവനക്കാരുടെ വീഡിയോ ഡിസംബറില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനക്കാരെ തിരികെയെത്തിക്കാന്‍ പല സാധ്യതകളും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ഒന്നുകില്‍ ചൈനീസ് തുറമുഖത്തെത്തിക്കുക, അല്ലെങ്കില്‍ ജീവനക്കാരെ നാട്ടിലെത്തിച്ച് പകരം ജീവനക്കാരെ കൊണ്ടുവരിക.

ആസ്‌ത്രേലിയയില്‍ നിന്ന് കല്‍ക്കരിയുമായി എത്തിയ കപ്പലിനെയാണ് ചൈനീസ് അധികൃതര്‍ തുറമുഖത്തടുപ്പിക്കാന്‍ തയ്യാറാവാതിരുന്നത്. ചൈനീസ് ആസ്്‌ത്രേലിയന്‍ വ്യാപാരയുദ്ധത്തിന്റെ ഭാഗമാണ് ഈ നാടകമെന്ന് കരുതപ്പെടുന്നു.

നാവികര്‍ ചൈനയും ആസ്‌ത്രേലിയയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഇരകളായി മാറിയെന്ന് നാഷണല്‍ യൂണയന്‍ ഓഫ് സീഫാറേഴ്‌സ് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ഗാനി സെരാങ് കുറ്റപ്പെടുത്തി.

Tags:    

Similar News