ചൈനയും പാകിസ്താനും രഹസ്യ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ചൈന
ബീജിങ്: ചൈനയും പാകിസ്താനും രഹസ്യ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ചൈന. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന പൂര്‍ണ്ണമായും തെറ്റാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
ബീജിങ് സ്വയം പ്രതിരോധ ആണവ തന്ത്രം നിലനിര്‍ത്തുന്നുവെന്നും ആണവ പരീക്ഷണ നിരോധനം പാലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗവും ആണവായുധ രാഷ്ട്രവുമായ ചൈന, ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ല എന്ന നയം പാലിക്കുന്നുണ്ടെന്നും സ്വയം പ്രതിരോധ ആണവ തന്ത്രം നിലനിര്‍ത്തുന്നുണ്ടെന്നും ആണവ പരീക്ഷണം നിര്‍ത്തിവയ്ക്കാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയെ (സിടിബിടി) ചൈന പിന്തുണയ്ക്കുന്നുവെന്നും അതേ ഉടമ്പടി പ്രകാരമുള്ള സ്വന്തം ബാധ്യതകള്‍ പാലിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ആണവ പരീക്ഷണങ്ങളില്‍ അമേരിക്ക മൊറട്ടോറിയം നിലനിര്‍ത്തുകയും ആഗോള സ്ഥിരതയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിചേര്‍ത്തു.