ബീഹാറില്‍ നിന്നും വേദപഠനത്തിനെത്തിച്ച കുട്ടികളെ ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിക്ക് കൈമാറി

രക്ഷിതാക്കളുടെ സമ്മതപത്രം ഉള്‍പ്പടെയുള്ള മതിയായ രേഖകള്‍ കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ശാരദ മതപഠന കേന്ദ്രം അധികൃതര്‍ക്ക് കഴിഞ്ഞില്ല.

Update: 2020-11-10 17:42 GMT

പാലക്കാട്: മതിയായ രേഖകളില്ലാതെ വേദപഠനത്തിനായി ബിഹാറില്‍ നിന്ന് കേരളത്തിലെത്തിച്ച 16 കുട്ടികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ യൂണിറ്റ് പിടികൂടി ശിശുക്ഷേമ സമിതി്ക്ക് കൈമാറി. കേരള എക്സ്പ്രസിലാണ് രാവിലെ ബിഹാര്‍ സ്വദേശികളായ 9 മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതില്‍ 10 കുട്ടികള്‍ക്ക് മാത്രമാണ് യാത്രാ ടിക്കറ്റ് ഉണ്ടായിരുന്നത്. ഇതോടെ ആര്‍പിഎഫ് ഇടപെട്ട് കുട്ടികളെ കസ്റ്റഡിയിലെടുത്തു.

25 വയസുകാരനായ രാം നാരായണ പാണ്ഡ്യയാണ് കെയര്‍ ടേക്കറായി കുട്ടികളോടൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇയാളുടെ പക്കല്‍ കുട്ടികളുടെ രേഖകളൊന്നുമുണ്ടായിരുന്നില്ല. കരിങ്കരപ്പുള്ളിയിലെ ശാരദ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതാണ് എന്നായിരുന്നു പറഞ്ഞത്. ഇതോടെ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിളിച്ചുവരുത്തി. മഠം അധികൃതരും സ്ഥലത്തെത്തി. ലോക്ഡൗണിന് നാട്ടിലേക്കു പോയ വിദ്യാര്‍ഥികളാണ് ഇവരെന്നും കുട്ടികളെ വിട്ടുതരണമെന്നും മഠം അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഉള്‍പ്പടെയുള്ള മതിയായ രേഖകള്‍ കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ശാരദ മതപഠന കേന്ദ്രം അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ഇതോടെ കുട്ടികളെ വടക്കന്തറയിലെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പത്തു ദിവസത്തിനകം രേഖ എത്തികണമെന്ന് മഠം അധികൃതരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

Tags: