തനിക്ക് വിവാഹം വേണ്ടെന്ന് പോലിസ് സ്റ്റേഷനിലെത്തിയ കുട്ടി, ശൈശവ വിവാഹത്തില്‍ നടപടി

Update: 2025-08-11 06:09 GMT

ചിത്രദുര്‍ഗ: വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പോലിസ് സ്റ്റേഷനില്‍ വന്ന് തുറന്നു പറഞ്ഞ് പെണ്‍കുട്ടി. തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലിസ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം.

എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഭാര്യ നഷ്ടപ്പെട്ടയാളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരോട് തനിക്ക് പഠിക്കണം, വിവാഹം വേണ്ട എന്നു കുട്ടി പറയുകയും ചെയ്തു. എന്നാല്‍ സമ്മതിക്കാതെ വന്നപ്പോള്‍ കുട്ടി പോലിസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

'എനിക്ക് പതിനാറ് വയസ്സായി. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്റെ സ്‌കൂളില്‍ വന്ന് ശൈശവ വിവാഹത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ക്ലാസെടുത്തു. മാനസികവും ശാരീരികവുമായ അസന്തുലിതാവസ്ഥയുടെ ദോഷങ്ങളെക്കുറിച്ചും ഭാവിയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളെക്കുറിച്ചും അദ്ദേഹം അവബോധം പകര്‍ന്നു. അന്ന് സ്‌കൂളില്‍ പോലിസില്‍ നിന്ന് കേട്ട ഉപദേശം ഞാന്‍ ഓര്‍ത്തു, നേരെ പോലിസ് സ്റ്റേഷനില്‍ എത്തി,' ഹോസ്പേട്ട് പിഎസ്ഐ മഹേഷ് ലക്ഷ്മണന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടി വിശദീകരിച്ചു. നിലവില്‍ പെണ്‍കുട്ടിയെ ചിത്രദുര്‍ഗയിലെ ശിശുക്ഷേമസമിതിയുടെ കീഴിലുള്ള സ്ഥാപനത്തിലേക്ക് മാറ്റി.

Tags: