പ്രത്യേക ചുമതലകളൊന്നുമില്ല; സാമ്പത്തിക പ്രതിസന്ധിക്കിടെ ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ 19 പേര്‍ കൂടി
23,000 മുതല്‍ ഒരു ലക്ഷം വരെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം
തിരുവനന്തപുരം: ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. 23,000 മുതല്‍ ഒരു ലക്ഷം വരെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്‌സണല്‍ സ്റ്റാഫ് നിയമനം. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ നാല് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിവരാണ്.
നിയമസഭയിലാണ് ചീപ് വിപ്പിന്റെ ഓഫിസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പില്‍ നിര്‍ണായ ഭൂരിപക്ഷമുള്ളതിനാല്‍ വിപ്പിന്റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴുള്ള സ്റ്റാഫില്‍ അഞ്ച് പേര്‍ ഡോ. എന്‍ ജയരാജിന്റെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഇതുകൂടാതെ വെള്ളയമ്പലത്ത് ഔദ്യോഗിക വസതിക്ക് വാടകകൊടുക്കുമുണ്ട്. പേഴ്‌സണല്‍ സ്റ്റാഫ് കൂടാതെ അഞ്ച് പോലിസുകാരെയും ഡോ. എന്‍ ജയരാജന് അനുവദിച്ചിട്ടുണ്ട്.
