തെരുവുനായ പ്രശ്‌നത്തില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണം: സുപ്രിംകോടതി

Update: 2025-10-31 11:15 GMT

ന്യൂഡല്‍ഹി: തെരുവുനായകളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി കടുത്ത രോഷം പ്രകടിപ്പിച്ചു. നവംബര്‍ മൂന്നിനു നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതി ഉത്തരവിനെ അവഗണിച്ചുവെന്ന കുറ്റപ്പെടുത്തലോടെയാണ് ബെഞ്ച് കടുത്ത നിലപാട് എടുത്തത്.

ആഗസ്റ്റ് 22ലെ ഉത്തരവ് പാലിക്കാത്തതില്‍ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഒക്ടോബര്‍ 27ഓടെ ആവശ്യപ്പെട്ടിരുന്ന അനുസരണ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു.

'ഞങ്ങള്‍ അവരോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഉറങ്ങുകയാണ്. കോടതി ഉത്തരവിന് ബഹുമാനം ഇല്ലെങ്കില്‍ അവര്‍ നേരിട്ട് വരട്ടെ, ഞങ്ങളവരെ കൈകാര്യം ചെയ്‌തോളാം,' എന്ന് ജസ്റ്റിസ് വിക്രം നാഥ് പരാമര്‍ശിച്ചു. മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങളുടെ നടപ്പാക്കലിനോടനുബന്ധിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിലപാട് ചോദിച്ചിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ചീഫ് സെക്രട്ടറിമാരെ നവംബര്‍ 3നു കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ബെഞ്ച് അത് നിരസിച്ചു.

ഒക്ടോബര്‍ 27നു നടന്ന വാദത്തില്‍ പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവ മാത്രമാണ് അനുസരണ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ബെഞ്ച് വ്യക്തമാക്കി. ഇവയ്ക്ക് പുറമെ ബാക്കി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ മൂന്നിനു നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. 'മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സംസ്ഥാന സര്‍ക്കാരുകളും പരിഹരിക്കേണ്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ കോടതി സമയം കളയുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിനായി പാര്‍ലമെന്റ് നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല,' ജസ്റ്റിസ് നാഥ് ചൂണ്ടിക്കാട്ടി.

Tags: