മുഖ്യമന്ത്രി സ്ഥാനം; എല്ലാത്തിനുമുള്ള ഉത്തരം കാലം നല്‍കുമെന്ന് ഡി കെ ശിവകുമാര്‍

പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു

Update: 2026-02-07 10:52 GMT

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കലിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ പ്രതികരിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍. പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കുമെന്നും എല്ലാത്തിനും കാലം മറുപടി നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു. ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ശക്തമായിരിക്കെയാണ് പ്രതികരണം. പാര്‍ട്ടി എന്ത് പറഞ്ഞാലും കേള്‍ക്കേണ്ടിവരും. 'ജനങ്ങള്‍ക്ക് സ്വപ്നങ്ങളുണ്ട്. എംഎല്‍എമാര്‍ക്ക് സ്വപ്നങ്ങളുണ്ട്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്വപ്നങ്ങളുണ്ട്. എന്തായാലും, പാര്‍ട്ടി പറയുന്നത് കേള്‍ക്കും'- അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിനുശേഷം അധികാരം പങ്കിടുമോ എന്ന ചോദ്യത്തിന് 'കാലം ഉത്തരം നല്‍കും' എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.

ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ദലിത് സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'പിന്തുണയ്ക്കുന്നവര്‍ക്ക് അവരുടേതായ അഭിലാഷങ്ങളുണ്ടാകും, അത് നിരസിക്കാനാകില്ല, അതില്‍ തെറ്റില്ല.' എന്നായിരുന്നു പ്രതികരണം. കര്‍ണാടകയില്‍ നേതൃതര്‍ക്കം വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. നേതൃമാറ്റത്തിനുള്ള ആവശ്യങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യയുടെ മകനും കോണ്‍ഗ്രസ് എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി. 'മുഖ്യമന്ത്രിയുടെ മകനാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ്, അദ്ദേഹം പറയുന്നത് ഞാന്‍ അനുസരിക്കും.'യതീന്ദ്രയുടെ പരാമര്‍ശങ്ങളോട് ശിവകുമാര്‍ വെള്ളിയാഴ്ച പരിഹാസത്തോടെ പ്രതികരിച്ചിരുന്നു.

തന്റെ ഭാവി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു കസേര മാറ്റം സംബന്ധിച്ച് നേരത്തെ ഡി കെ ശിവകുമാര്‍ പ്രതികരിച്ചത്. താന്‍ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല വരുന്നത്, എന്നിട്ടും ഈ നിലയിലേക്ക് വളര്‍ന്നു. പാര്‍ട്ടി തന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്. രാഷ്ട്രീയത്തില്‍ തനിക്ക് നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. കര്‍ണാടകയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനേയും ചര്‍ച്ചകള്‍ക്കായി ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. എപ്പോഴാണോ ആവശ്യം അപ്പോഴായിരിക്കും ഇരുവരേയും വിളിപ്പിക്കുകയെന്നാണ് ഖാര്‍ഗെ പറഞ്ഞത്.

Tags: