'നോട്ടീസുമായി വന്നാല്‍ മുട്ട് വിറക്കുമെന്നാണോ കരുതിയത്'; കിഫ്ബിക്കെതിരായ ഇഡി നോട്ടീസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2025-12-08 14:50 GMT

കണ്ണൂര്‍: കിഫ്ബിക്കെതിരായ ഇഡി നോട്ടീസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരേ നോട്ടീസുമായി വന്നാല്‍ മുട്ട് വിറക്കുമെന്നാണോ കരുതിയതെന്നും പിണറായി ചോദിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിനാണ് ഈ പണം ചെലവഴിക്കുക എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരം പദ്ധതികള്‍ക്കു വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്, ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റെതായ മനസംപ്തൃപ്തിയില്‍ നില്‍ക്കുകയെന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി. ഇഡി നോട്ടീസ് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നാടിന്റെ വികസനത്തിന് തടയിടാമെന്ന് കരുതേണ്ടെന്നും കണ്ണൂരില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസിലാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത്. ഇതില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. 2,672.6 കോടി രൂപയാണ് കിഫ്ബി മസാലബോണ്ടു വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണെന്നാണ് ഇഡിയുടെ വിശദീകരണം. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12നാണ് ഇഡി മുഖ്യമന്ത്രി അടക്കം നാലു പേര്‍ക്ക് നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ധനകാര്യമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ എം എബ്രഹാം എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. അഭിഭാഷകന്‍ മുഖേന വിശദീകരണം നല്‍കിയാല്‍ മതിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

Tags: