എസ്‌ഐആര്‍ കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രിംകോടതിയില്‍ ഹാജരാകും; കേസ് വാദിക്കുന്നത് മമത തന്നെ
കൊല്‍ക്കത്ത: എസ്‌ഐആര്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രിംകോടതിയില്‍ ഹാജരാകും. അല്‍പസമയത്തിനകം വാദം കോടതി കേള്‍ക്കും. പാര്‍ട്ടിക്ക് വേണ്ടിയാണ് അവര്‍ ഹാജരാകുക. പാര്‍ട്ടിയുടെ കാര്യങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി കോടതിയില്‍ വ്യക്തി എന്ന നിലയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് മമത ഇടക്കാല ഹരജി നല്‍കും. അഭിഭാഷകര്‍ക്കൊപ്പമാണ് അവര്‍ കോടതിയില്‍ ഹാജരാകുക.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാങ്ചി, ജസ്റ്റിസ് വിപുല്‍ എം പന്‍ചോലി എന്നിവരടങ്ങിയ ബെഞ്ച് വാദം കേള്‍ക്കും. എസ്ഐആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത് മമത ബാനര്‍ജി സമര്‍പ്പിച്ച ആര്‍ട്ടിക്കിള്‍ 32 റിട്ട് ഹരജിയും ടിഎംസി എംപിമാരായ ഡെറക് ഒബ്രയന്‍, ഡോള സെന്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ അനുബന്ധ ഹരജികളും വാദം കേള്‍ക്കലില്‍ ഉള്‍പ്പെടും.
എസ്‌ഐആര്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കാനാണ് അവര്‍ കോടതിയില്‍ ഹാജരാകുന്നത്. എല്‍എല്‍ബിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ തനിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതേ തീവ്രതയില്‍ തന്നെ കോടതിയില്‍ വാദിക്കണമെന്നും അവര്‍ പറഞ്ഞു.