പ്രതിഷേധങ്ങള്‍ക്കിടെ പുതിയ പാളയം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: കല്ലുത്താന്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റ്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധം നടത്തുന്ന കച്ചവടക്കാരുമായും തൊഴിലാളികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയര്‍ പ്രതികരിച്ചു. ന്യൂ പാളയം മാര്‍ക്കറ്റ് സമുച്ചയത്തിലെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസനലക്ഷ്യങ്ങള്‍ നേടുന്നത് മാതൃകാപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഏറ്റവും ഫലപ്രദമായി അത് നടപ്പാക്കിയതിന് ഉദാഹരണമാണ് കോഴിക്കോട് കോര്‍പറേഷന്‍ ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റെന്ന് വ്യക്തമാക്കി. കോഴിക്കോട് കോര്‍പറേഷന്‍ തീര്‍ത്ത മാതൃക മറ്റ് സ്ഥാപങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, പ്രതിപക്ഷം ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനമുന്നയിച്ചു. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തതെന്നും എന്താണ് ഇതിനുപിന്നിലെ ചേതോവികാരമെന്നും നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കല്ലുത്താന്‍ കടവിലെ അഞ്ചര ഏക്കര്‍ സ്ഥലത്ത് 100 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോര്‍പറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മാണം നടത്തിയത് കല്ലുത്താന്‍ കടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനി (കാഡ്‌കോ) ആണ്. മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 310 പഴം - പച്ചക്കറി കടകള്‍ക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത - അരയിടത്തുപാലം ബൈപാസില്‍ നിന്നു നേരിട്ടു വാഹനങ്ങള്‍ക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്‌സ് വാഹനങ്ങള്‍ക്ക് കയറാന്‍ മൂന്ന് റാംപുകള്‍ ഉണ്ട്.

