'കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി'; വിമര്‍ശനവുമായി വി ഡി സതീശന്‍

Update: 2023-02-20 06:19 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനിക്കുന്നതായും മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. രണ്ടുകുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ജനകീയ സമരം കാണുമ്പോള്‍ അവരെ ആത്മഹത്യാ സ്‌ക്വാഡ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിളിക്കുന്നത്. സിപിഎമ്മിന്റെ 'പ്രതിരോധ ജാഥ' എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Tags: