നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാര്‍ച്ചില്‍ കേരളത്തില്‍

Update: 2026-02-15 06:22 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ കമ്മിഷന്‍ മാര്‍ച്ച് ആദ്യവാരം കേരളം സന്ദര്‍ശിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ എസ് എസ് സന്ധു, വിവേക് ജോഷി എന്നിവരാണ് കേരളത്തിലെത്തുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ എന്നിവരുമായി കമ്മിഷന്‍ വിശദമായ കൂടിയാലോചന നടത്തും. നിയമസംവിധാനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, പോളിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിഗണിക്കുക.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും കമ്മിഷന്‍ കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം, പ്രചാരണച്ചട്ടങ്ങള്‍, ഭരണനടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് അറിയുന്നതിനായിരിക്കും ഈ ചര്‍ച്ചകള്‍. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനക്രമവും കമ്മിഷന്‍ നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ 18 വരെ സംഘം അസം സന്ദര്‍ശിക്കും. തുടര്‍ന്ന് ഫെബ്രുവരി അവസാനത്തോടെ തമിനഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കും പോകും. കേരള സന്ദര്‍ശനത്തിന് ശേഷമായിരിക്കും ബംഗാള്‍ സന്ദര്‍ശനം. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം മാര്‍ച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

Tags: