സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് വ്യാപനം രൂക്ഷം; ഒന്നര മാസത്തില്‍ 5,791 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 5,791 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനുവരിയില്‍ 4,394 പേര്‍ക്കും ഫെബ്രുവരിയില്‍ ഇതുവരെ 1,397 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം നൂറിലധികം പേര്‍ക്ക് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വാരിസെല്ല സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. തണുപ്പുകാലത്ത് നിന്ന് ചൂടുകാലത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് രോഗവ്യാപനം കൂടുതലായി കാണപ്പെടുന്നത്. രോഗപ്രതിരോധത്തിനായി കുത്തിവെപ്പ് എടുക്കുക എന്നാണ് ഏക മാര്‍ഗം. വരും ദിവസങ്ങളില്‍ രോഗവ്യാപനം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് രേരാഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലുള്ളത്.
രോഗം പകരുന്ന വിധം
ചിക്കന്‍പോക്‌സും ഹെര്‍പ്പിസ് സോസ്റ്ററും ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം വഴി രോഗം പകരാം. കുമിളകളിലെ സ്രവങ്ങളില്‍ നിന്നും ചുമയും തുമ്മലിലൂടെ പുറപ്പെടുന്ന കണങ്ങള്‍ ശ്വസിക്കുന്നതിലൂടെയും വൈറസ് പകരും. ശരീരത്തില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങുന്നതിനും രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതുവരെ രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 10 മുതല്‍ 21 ദിവസം വരെ എടുക്കും.
രോഗലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് മുഖം, നെഞ്ച്, ഉദരഭാഗം, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകളായി മാറും. നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ഇവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യും.
സങ്കീര്‍ണ്ണാവസ്ഥയുടെ ലക്ഷണങ്ങള്‍
നാലുദിവസത്തിലധികം നീളുന്ന കഠിനപനി (102 ഡിഗ്രിയില്‍ കൂടുതല്‍), കുമിളകളില്‍ ശക്തമായ വേദനയോ പഴുപ്പോ, അമിതമായ ഉറക്കം, ആശയക്കുഴപ്പം, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്തുവേദന, ആവര്‍ത്തിച്ചുള്ള ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, കടുത്ത ചുമ, വയറുവേദന, രക്തസ്രാവം എന്നിവ ഗുരുതരമായ അവസ്ഥകളുടെ സൂചനകളായിരിക്കാം. ന്യൂമോണിയ, മസ്തിഷ്‌കജ്വരം, കരള്‍വീക്കം, സെപ്‌സിസ് തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്.
മുന്‍കരുതലുകള്‍
രോഗബാധിതര്‍ പൂര്‍ണ്ണവിശ്രമം പാലിക്കുകയും വായുസഞ്ചാരമുള്ള മുറിയില്‍ തുടരുകയും വേണം. ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യണം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും പങ്കിടരുത്. 0.5 ശതമാനം ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് ശുചീകരണം നടത്തണം. കുമിളകള്‍ ചൊറിയാതെ സൂക്ഷിക്കുകയും അബദ്ധത്തില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

