ശ്രേയാംസ് കുമാറിന്റെ രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തു; സീറ്റ് ഏറ്റെടുത്തത് മുന്നണി മര്യാദകളുടെ ലംഘനമെന്നും ചെറിയാന്‍ ഫിലിപ്പ്

2009ല്‍ എംപി വീരേന്ദ്രകുമാറിന് അവകാശപ്പെട്ട കോഴിക്കോട് ലോക്‌സഭാ സീറ്റ് പിടിച്ചടക്കിയതിന്റെ തനിയാവര്‍ത്തനമാണ് എം വി ശ്രേയാംസ് കുമാറിന്റെ നിലവിലെ രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തതും

Update: 2022-03-16 10:00 GMT

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ലോക് താന്ത്രിക് ജനതാദളില്‍ നിന്നും ഏറ്റെടുത്തത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. 2009ല്‍ എം പി വീരേന്ദ്രകുമാറിന് അവകാശപ്പെട്ട കോഴിക്കോട് ലോക്‌സഭാ സീറ്റ് പിടിച്ചടക്കിയതിന്റെ തനിയാവര്‍ത്തനമാണ് എം വി ശ്രേയാംസ് കുമാറിന്റെ നിലവിലെ രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. സിപിഎം നീക്കം ഏകാധിപത്യപരവും മുന്നണി മര്യാദകളുടെ ലംഘനവുമാണെന്നും കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍ കൂടിയായ ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് വീരേന്ദ്രകുമാറിനും ജോസ് കെ മാണിയ്ക്കും രാജ്യ സഭാ സീറ്റ് നല്‍കിയത്. അത് തുടര്‍ന്നുവെന്നല്ലാതെ മുന്നണിമാറിയിട്ടും പുതിയതായി ഒന്നും അവര്‍ക്ക് സിപിഎം നല്‍കിയിരുന്നില്ല. എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ നിയമസഭാ സീറ്റ് ഒരു ചര്‍ച്ചയും കൂടാതെ പിടിച്ചടക്കിയതിന്റെ പ്രതിഷേധമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ വിജയത്തില്‍ കലാശിച്ചത്. ജോസ് കെ മാണി വിജയിക്കണമെന്ന് സിപിഎമ്മിന് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല. സിപിഎം പ്രാദേശിക നേതാക്കള്‍ ജോസ് കെ മാണിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്ന ഗുരുതര ആരോപണവും ചെറിയാന്‍ ഫിലിപ്പ് ഉയര്‍ത്തുന്നു.

ഇതിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങിയ എം വി ശ്രേയാംസ് കുമാറിനെതിരെ സിപിഎം ജില്ലാ നേതാക്കള്‍ വരെ പരസ്യമായി രംഗത്തുണ്ടായിരുന്നു. എന്നിട്ടും ശ്രേയാംസ് കുമാറിനും ജോസ് കെ മാണിക്കുമെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സിപിഎം ഒരു അന്വേഷണമോ നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്നതിന്റെ പേരിലാണ് ജി സുധാകരന്‍, വികെ മധു എന്നിവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

എല്‍ഡിഎഫില്‍ ഘടക കക്ഷികള്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദളിനു മാത്രം മന്ത്രി സ്ഥാനം നല്‍കിയില്ല. ശ്രേയാംസ് കുമാറിന്റെ രാജ്യസഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കെപി മോഹനനെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ലോക് താന്ത്രിക് ജനതാദളിലെ ഷെയ്ക്ക് പി ഹാരിസിനെ ഇപ്പോള്‍ വീരോചിതമായി സിപി എമ്മില്‍ എത്തിച്ച് ശ്രേയാംസ് കുമാറിനെ അപമാനിക്കുന്നതാണെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി. 

Tags:    

Similar News