മുഖ്യമന്ത്രി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്; കൊവിഡ് വാര്‍ത്താസമ്മേളനങ്ങള്‍ പ്രതിപക്ഷത്തെ ആക്ഷേപിക്കാന്‍ ഉപയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല

കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയല്ല. തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വന്നിട്ടുള്ളയാളാണ്.

Update: 2021-06-19 05:47 GMT

ന്യൂഡല്‍ഹി: ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മരം മുറി വിവാദത്തില്‍ നിന്നും വഴി തിരിച്ച് വിടാന്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയല്ല. തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വന്നിട്ടുള്ളയാളാണ്. അഴിമതി മറച്ച് പിടിക്കാനുള്ള വ്യഗ്രതയാണ് അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഒരാള്‍ അങ്ങനെ പറഞ്ഞാല്‍ പോലും പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് എതിരെയെല്ലാം ഉയരാറുണ്ട്. അതിന് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായി.

ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് കൊണ്ട് പറയാന്‍ പാടില്ലാത്ത നിലപാടാണിത്. പിആര്‍ ഏജന്‍സി ഇല്ലാത്തത് കൊണ്ടായിരിക്കാം ഇപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇത്തരം പരാമര്‍ശങ്ങളുമായി രംഗത്ത് എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന വ്യക്തി കെപിസിസി പ്രസിഡന്റിനെതിരെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കൊവിഡിന്റെ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ കാണുന്നതാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തെ ദുരുപയോഗിച്ചു. ഇത് അംഗീകരിക്കാനാവില്ല, പലപ്പോഴും വാര്‍ത്താസമ്മേളനം പ്രതിപക്ഷത്തെ നേതാക്കളെ ആക്ഷേപിക്കാന്‍ ഉപയോഗിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ബ്രണ്ണന്‍ കോളജിലെ പഠനകാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്‍ ബ്രണ്ണന്‍ കോളജ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചത്.

Tags:    

Similar News