ശശിധരന്‍ നായര്‍ റിപോര്‍ട്ട് സര്‍ക്കാരിനെ വെള്ളപൂശാന്‍; സ്പ്രിംഗ്ലര്‍ കരാറില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല

ശിവശങ്കര്‍ തന്നിഷ്ടപ്രകാരമാണ് കരാറിലേര്‍പ്പെട്ടതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ശിവശങ്കരന്‍ കുറ്റക്കാരനല്ലെന്ന് റിപോര്‍ട്ട്, വിചിത്രമാണ്. ശിവശങ്കര്‍ കുറ്റക്കാരനല്ലെങ്കില്‍ പിന്നെ ആരാണ് കുറ്റക്കാരന്‍

Update: 2021-09-01 07:47 GMT

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ അന്വേഷിച്ച ശശിധരന്‍ നായര്‍ റിപോര്‍ട്ട് സര്‍ക്കാരിനെ വെള്ളപൂശാനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാര്‍ സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നടപടിക്രമം പാലിച്ചില്ലെന്നും വഴിവിട്ട ഇടപാടാണെന്നും അന്നു തന്നെ പ്രതിപക്ഷം ചൂണ്ടാക്കാണിച്ചിരുന്നു. അത് ഇപ്പോള്‍ കമ്മിഷന്‍ റിപോര്‍ട്ടില്‍ ശരിവച്ചിരിക്കുന്നു. ശിവശങ്കര്‍ തന്നിഷ്ടപ്രകാരമാണ് കരാറിലേര്‍പ്പെട്ടതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ശിവശങ്കരന്‍ കുറ്റക്കാരനല്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നത് വിചിത്രമാണ്. ശിവശങ്കര്‍ കുറ്റക്കാരനല്ലെങ്കില്‍ പിന്നെ ആരാണ് കുറ്റക്കാരന്‍. അന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്, കൊവിഡ് കാലത്ത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കരുതെന്നാണ്.

ഐടി മേഖലയിലെ വിദഗ്ധരായ മാധവന്‍ നമ്പ്യാരുടെ റിപോര്‍ട്ട് തള്ളി, ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ശശിധരന്‍ നായരുടെ റിപോര്‍ട്ട് തള്ളിക്കളയണം. മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് ഈ രണ്ടാം റിപോര്‍ട്ട്. അമേരിക്കന്‍ കമ്പനിക്ക് കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ കൈമാറിയ കരാറില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് തന്റെ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് താല്‍പര്യമില്ല. തനിക്ക് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News