ജഹാംഗീര്‍പുരിയിലെ ഹിന്ദുത്വ അക്രമത്തിനെതിരേ മെയ്ദിനത്തില്‍ ബുള്‍ഡോസര്‍ വിരുദ്ധറാലിയുമായി ചെന്നൈ നിവാസികള്‍

Update: 2022-05-02 10:48 GMT

ചെന്നൈ: അനധികൃത കയ്യേറ്റം തിരിച്ചുപിടിക്കാനെന്ന വ്യാജേനെ മുസ് ലിംകളുടെ ഭൂമിയും സ്ഥാപനങ്ങളും തകര്‍ക്കാനുള്ള ഹിന്ദുത്വരുടെ ശ്രമങ്ങളെ അപലപിച്ച് മെയ്ദിനത്തില്‍ ബുള്‍ഡോസര്‍ വിരുദ്ധറാലിയുമായി ചെന്നൈ നിവാസികള്‍. ചെന്നൈയിലെ പ്രതിഷേധഭൂമിയായ വാളൂര്‍കോട്ടത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

ചെന്നൈ കണ്‍സേണ്‍ഡ് സിറ്റിസന്‍ ആണ് പരിപാടിയുടെ സംഘാടകരെങ്കിലും നിരവധി എന്‍ജിഓകള്‍ പിന്തുണ പ്രഖ്യാപിച്ചു. റാലിയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും 'കാട്ടുനിയമ'ങ്ങളാണ് നിലനില്‍ക്കുന്നതെന്ന് റാലിയിലെ പ്രാസംഗികര്‍ പറഞ്ഞു. ബിജെപി രാജ്യത്തെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

'ഏപ്രില്‍ 16 ന്, ഹനുമാന്‍ ജയന്തി ഉത്സവത്തിന്റെ ഭാഗമായി ഹിന്ദുക്കള്‍ ശോഭായാത്ര നടത്തി, അത് മുസ് ലിംഭൂരിപക്ഷമായ ജഹാംഗീര്‍പുരി മേഖലയിലൂടെ കടന്നുപോയി. ഘോഷയാത്ര ഒരു പള്ളിയില്‍ എത്തിയപ്പോള്‍ ജാഥയിലായിരുന്നവരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏപ്രില്‍ 21നുശേഷം ജഹാംഗീര്‍പുരിയില്‍ ഏഴ് ബുള്‍ഡോസര്‍ ആക്രമണംനടന്നു. അതില്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. കല്ലേറും നടന്നു. വീടുകള്‍ മാത്രമല്ല, പള്ളിയുടെ കവാടവും തകര്‍ത്തു- റാലിയില്‍ പങ്കെടുത്തുകൊണ്ട് ഒരാള്‍ പറഞ്ഞു. ബുള്‍ഡോസര്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം ബിജെപിയുടെ മുസ് ലിംകള്‍ക്കെതിരേയുള്ള വിദ്വേഷത്തിനു തെളിവാണെന്ന് പരിപാടിയുടെ സംഘാടകനായ വിഗ്നേഷ് പറഞ്ഞു. 

Tags: