ക്രെയിന്‍ അപകടം: കമല്‍ഹാസനെയും ശങ്കറിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ഭാരമേറിയ ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

Update: 2020-02-22 01:01 GMT

ചെന്നൈ: ഇന്ത്യന്‍2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിക്കാന്‍ ഇടയാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ കമല്‍ഹാസനെയും സംവിധായകന്‍ ശങ്കറിനെയും ചോദ്യം ചെയ്യാനായി തമിഴ്‌നാട് പോലിസ് വിളിപ്പിച്ചു. ഭാരമേറിയ ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനം ഒരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍, നിര്‍മാണ സഹായി മധു എന്നിവര്‍ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.

കമല്‍ഹാസനും ശങ്കറും കാജല്‍ അഗര്‍വാളുമുള്‍പ്പടെയുള്ളവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അതിനിടെ, അപകടത്തില്‍ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം കമല്‍ഹാസന്‍ നല്‍കി. രണ്ട് കോടി രൂപ നല്‍കുമെന്ന് നിര്‍മാതാവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിന്‍ ഓപറേറ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിന് ലൈക്ക പ്രൊഡക്ഷന്‍സിനെതിരെയും കേസെടുത്തു.


Tags: