ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് ചെന്നൈ മഹിളാ കോടതി. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. കോട്ടൂര്‍ നിവാസിയായ ജ്ഞാനശേഖരനെതിരേയാണ് കേസ്. ശിക്ഷ ജൂണ്‍ രണ്ടിന് വിധിക്കും. ജ്ഞാനശേഖരനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 ന് രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കോട്ടൂര്‍ നിവാസിയായ ജ്ഞാനശേഖരന്‍ കാമ്പസിനടുത്ത് ബിരിയാണി സ്റ്റാള്‍ നടത്തിയിരുന്നു. സര്‍വകലാശാലാ പരിസരത്ത് അതിക്രമിച്ച് കയറിയ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു.തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച പ്രതി, അതു കാണിച്ച് ഇരുവരെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു.
അറസ്റ്റിന് തൊട്ടുപിന്നാലെ, ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഭാരവാഹികള്‍ക്കൊപ്പമുള്ള ജ്ഞാനശേഖരന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് ഒരു രാഷ്ട്രീയ വിവാദത്തിന് തന്നെ കാരണമായി. ഡിഎംകെ തുടക്കത്തില്‍ പ്രതി പാര്‍ട്ടിയില്‍ സ്ഥാനമുണ്ടെന്ന് നിഷേധിച്ചെങ്കിലും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഫോട്ടോകളുമായി രംഗത്തെത്തുകയായിരുന്നു. ജ്ഞാനശേഖരന്‍ ഡിഎംകെ വിദ്യാര്‍ഥി വിഭാഗം ഭാരവാഹിയാണെന്ന് ബിജെപി സംസ്ഥാന മേധാവി കെ അണ്ണാമലൈ ആരോപിക്കുകയും ചെയ്തു.
ജ്ഞാനശേഖരന്‍ പാര്‍ട്ടി ഭാരവാഹിയല്ലെന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട് നിയമമന്ത്രി എസ് രഗുപതി രംഗത്തെത്തി. കുറ്റാരോപിതന്‍ ഡിഎംകെ അംഗമല്ലെങ്കിലും ,പാര്‍ട്ടിഅനുഭാവിയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.
ജയില്‍ മോചിതനായ പ്രതി, തനിക്കെതിരെ തെളിവുകളില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. തമിഴ്നാട് പോലിസ് എതിര്‍ ഹര്‍ജി ഫയല്‍ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം, കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. പിന്നീട് എസ്ഐടി മഹിളാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
