ചേന്ദമംഗലം കൂട്ടക്കൊല, പോലിസിന്റേത് ഗുരുതര വീഴ്ച: സുമയ്യ സിയാദ്

Update: 2025-01-18 10:14 GMT

പറവൂര്‍: ചേന്ദമംഗലത്ത് അയല്‍വാസി മൂന്നു പേരെ അടിച്ചു കൊലപ്പെടുത്തി നാടിനെ നടുക്കിയ സംഭവത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ട പ്രതി നിരന്തരമായി പ്രശ്‌നമുണ്ടാക്കിയിരുന്നതായി വീട്ടുകാര്‍ പരാതിപ്പെട്ടിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് പ്രസ്താവിച്ചു.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊലയാളി, പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. നാട്ടുകാരെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പ്രതിക്കെതിരെ നടപടിയെടുക്കേണ്ട നിരവധി സാഹചര്യം ഉണ്ടായിരിക്കെ പോലീസിന്റ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ ക്രൂരമായ ഈ കൊലപാതകം തടയാന്‍ സാധിക്കുമായിരുന്നു.

അടുത്ത കാലത്തായി ജില്ലയില്‍ ഉണ്ടായിട്ടുള്ള നിരവധി കൊലപാത കേസുകളിലും ലഹരിയാണ് കാരണമായി ഉയര്‍ന്നു വന്നിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ലഹരി വസ്തുക്കളുടെ ലഭ്യത വളരെ സുലഭമാണ്. ലഹരി മാഫിയ സംഘങ്ങള്‍ തഴച്ചു വളരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും പ്രത്യേകിച്ച് സ്ത്രീകളിലും ലഹരിയുടെ ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.

സര്‍ക്കാരിന്റെയും, എക്‌സൈസ് വകുപ്പിന്റെയും, പോലീസിന്റെയും ഭാഗത്തുനിന്ന് ലഹരിയുടെ ഒഴുക്ക് തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വീണ്ടും ഇതുപോലെയുള്ള കൂട്ടക്കൊലകള്‍ക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Tags: