ചേലക്കുളം അബുല്‍ ബുഷ്‌റാ ഉസ്താദ്; വിടവാങ്ങിയത് പണ്ഡിത തറവാട്ടിലെ കുലപതിയെന്ന് അല്‍ ഹാദി അസോസിയേഷന്‍

Update: 2022-01-24 15:17 GMT

തിരുവനന്തപുരം; പണ്ഡിത ലോകത്തെ പകരം വയ്ക്കാനാവാത്ത അനുപമ വ്യക്തിത്വത്തെയാണ് ചേലക്കുളം അബുല്‍ ബുഷ്‌റാ കെ എം മുഹമ്മദ് മൗലവി വിടവാങ്ങിയതിലൂടെ ലോകത്തിന് നഷ്ടമായതെന്ന് അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന സമിതി വിലയിരുത്തി. കേരളത്തിലെ തലമുതിര്‍ന്ന പണ്ഡിതതലമുറയുടെ അവസാനകണ്ണിയാണ് ശൈഖുനാ. ആ വിയോഗത്തിലൂടെ സംഭവിച്ച വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിലെ എല്ലാ സമുദായ സംഘടനകളോടും സൗഹാര്‍ദ ബന്ധം പുലര്‍ത്തുകയും ഏവര്‍ക്കും നന്മ കാംക്ഷിക്കുകയും ചെയ്ത അബുല്‍ ബുഷ്‌റാ ഉസ്താദ് കാലഘട്ടത്തിന്റെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു.

കേരളത്തിന്റെ വിജ്ഞാന ഭൂമികയില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തി കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മീയമായ അനന്തരാവകാശം ഏറ്റെടുക്കാന്‍ പരസഹസ്രം ശിഷ്യഗണങ്ങളെയാണ് മുസ് ലിം കൈരളിക്ക് അദ്ദേഹം സമ്മാനിച്ചത്. നേതൃനിരയില്‍ വിരാജിക്കുന്ന പലരില്‍ നിന്നും വ്യത്യസ്തനായിരുന്ന അദ്ദേഹം.

സമുദായത്തിന്റെ അവകാശപ്പോരാട്ടങ്ങളിലും സജീവമായിരുന്നു. തിരുവനന്തപുരം വലിയ ഖാളിയായിരുന്ന അബുല്‍ ബുഷ്‌റാ ഉസ്താദ് പൗരത്വ സമരങ്ങളില്‍ നേതൃപരമായ പങ്കു വഹിച്ചു കൊണ്ട് അതിലും വ്യതിരിക്തത പുലര്‍ത്തി.

വിനയവും ലാളിത്യവും ഒപ്പം കഠിനാധ്വാനവും കൊണ്ട് ഏത് ഉയരവും കീഴടക്കാനാവുമെന്ന സന്ദേശം സ്വജീവിതത്തിലൂടെ പഠിപ്പിച്ച അദ്ദേഹം വിജ്ഞാനസേവകര്‍ക്ക് ഉത്തമ മാതൃക കൂടിയാണ്. ആ നിഷ്‌കളങ്കമാതൃക പിന്‍പറ്റി മുന്നോട്ടു പോകുവാനും പ്രവാചകന്റെ പ്രാതിനിധ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഏറ്റെടുക്കാനും അല്‍ ഹാദി അസോസിയേഷന്‍ പണ്ഡിത സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു.