കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധന തുടങ്ങി

Update: 2022-10-17 03:03 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ ആര്‍ക്കൈവുകള്‍ പരിശോധിച്ച് നിയമപരമായാണോ ഓരോ ലൈസന്‍സും അനുവദിച്ചതെന്ന് ഉറപ്പാക്കും. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എന്നിവര്‍ ഹവലിയിലെയും മുബാറക് അല്‍ കബീറിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ട്രാഫിക് ആന്റ് ഓപറേഷന്‍ സെക്ടറിലെത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. പ്രവാസികള്‍ക്ക് നിയമപരമായി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നുവെന്ന് ഉറപ്പാക്കാനും യോഗ്യതയില്ലാതെ ലൈസന്‍സ് നേടിയവരെ തിരിച്ചറിയാനുമാണ് പരിശോധന ലക്ഷ്യമിടുന്നത്.

അനധികൃതമായി ലൈസന്‍സ് നേടിയതായി തെളിയിക്കപ്പെട്ടവര്‍ക്കെതിരേ ഈ ലൈസന്‍സുകള്‍ പിന്‍വലിക്കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ സുഗമമാക്കിയവരെയും ലൈസന്‍സ് നല്‍കിയ ഭരണകൂടത്തെയും ഉത്തരവാദികളാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളുടെ ഫയലുകള്‍ പരിശോധിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Tags: