ഇന്ത്യയില്‍ ചാറ്റ് ജിപിടി ഒരു വര്‍ഷത്തേക്ക് സൗജന്യം

Update: 2025-11-04 06:30 GMT

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഓപ്പണ്‍ എഐ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിയിരിക്കുകയാണ്. ഇന്ന് മുതല്‍ ചാറ്റ് ജിപിടി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അമേരിക്കക്ക് പുറമെ ഓപ്പണ്‍ എഐയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ എഐ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

സാധാരണയായി മാസം 400 രൂപയാണ് ചാറ്റ് ജിപിടി സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പണമടച്ച് ലഭിക്കുന്ന ഈ വേര്‍ഷന്‍, ബേസിക് വേര്‍ഷനിനെ അപേക്ഷിച്ച് വേഗതയിലും സൗകര്യങ്ങളിലും മുന്നിലാണ്. ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡ്, ദൈര്‍ഘ്യമേറിയ സംഭാഷണങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടെ പ്രോ വേര്‍ഷനിലെ പ്രധാന സവിശേഷതകള്‍ ഇതില്‍ ലഭ്യമാണ്. വിദ്യാഭ്യാസം, ബിസിനസ്, കോഡിങ് തുടങ്ങിയ മേഖലകളില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എഐ സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഓപ്പണ്‍ എഐയുടെ ലക്ഷ്യം.

നിലവില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് അവരുടെ പ്ലാന്‍ 12 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരം ലഭിക്കും. സൗജന്യ കാലയളവിന് ശേഷം സാധാരണ നിരക്കില്‍ ഫീസ് ഈടാക്കി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

Tags: