ചരന്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Update: 2021-09-20 02:11 GMT

ചണ്ഡീഗഢ്: ചരന്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാവിലെ പതിനൊന്നു മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ചന്നിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്.

മൂന്ന് തവണ എംഎല്‍എയായിട്ടുള്ള ചരന്‍ജിത് സിങ് ചന്നി, ഛംകൗര്‍ സാഹിബ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിഖ് ദലിത് വിഭാഗക്കാരനാണ്. പഞ്ചാബില്‍ ആദ്യമായാണ് ഒരു ദലിത് സമുദായക്കാരന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

ചന്നി 1963ല്‍ പഞ്ചാബിലെ കുരാലിയിലെ ഭജൗലി ഗ്രാമത്തില്‍ ജനിച്ചു. മലേഷ്യയിലായിരുന്നു കുടുംബമുണ്ടായിരുന്നത്. പിന്നീട് 1955ല്‍ നാട്ടില്‍ താമസമാക്കി.

ചടങ്ങില്‍ 40 പേരില്‍ കൂടുതല്‍ ഉണ്ടാവില്ല. എഎന്‍ഐ റിപോര്‍ട്ടനുസരിച്ച് രാഹുല്‍ ഗാന്ധി ചടങ്ങിനെത്തില്ല.

ഹരീഷ് റാവത്ത് പറഞ്ഞതനുസരിച്ച് രണ്ട് പേരെ ഉപമുഖ്യമന്ത്രിമാരായി നിയമിക്കാന്‍ സാധ്യതയുണ്ട്. അതില്‍ ഒരാള്‍ ജാത് സിഖ് സമുദായക്കാരനും മറ്റൊരാള്‍ ഹിന്ദുവുമായിരിക്കും.

ഞായറാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ചരന്‍ജിത് സിങ് ചന്നിയെ നേതാവായി തിരഞ്ഞെടുത്തത്.

ആഭ്യന്തര കലഹത്തിന്റെ ഭാഗമായി അമരീന്ദര്‍ സിങ് രാജിവച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിവ് വന്നത്. നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ചന്നി. ഇന്ന് രാവിലെ വരെ സുഖ്ജീന്ദര്‍ രണ്‍ധാവ മുഖ്യമന്ത്രിയായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ആഭ്യന്തര അഭിപ്രായവ്യത്യാസം പരമാവധി ഒഴിവാക്കുന്നതായിരിക്കണം തീരുമാനമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതുപ്രകാരമാണ് ചരന്‍ജിത് സിങ് ചന്നയ്ക്ക് നറുക്ക് വീണത്.

ഹൈക്കമാന്‍ഡിന്റെ തീരുമാനം ശിരസാ വഹിക്കുന്നതായും തനിക്ക് പിന്തുണ നല്‍കിയ എംഎല്‍എമാര്‍ക്ക് നന്ദി പറയുന്നതായും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News