'ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താന്‍'; സണ്ണി ജോസഫ്

Update: 2025-12-15 16:17 GMT

തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്‌കരിക്കുകയെന്നത് അധികാരത്തില്‍ വന്നത് മുതല്‍ ബിജെപിയുടെ അണ്ടജയാണ്. പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നുയെന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം.

ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാന്‍ കഴിയില്ല. ഈ പദ്ധതിയോട് സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വേതനം കൃത്യസമയത്ത് നല്‍കണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയര്‍ത്തി പദ്ധതി മെച്ചപ്പെടുത്തണം. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചത്. ഫണ്ട് ചെലവാക്കുന്നതില്‍ നിയന്ത്രണം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. തൊഴില്‍ ദിനങ്ങള്‍ കുറച്ചു. സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കാവുന്ന പദ്ധതി വീത തുക 60% ആക്കി. മോദി സര്‍ക്കാര്‍ ഓരോ ബജറ്റിലും ഈ പദ്ധതിക്കായി അനുവദിക്കുന്ന തുക ഘട്ടം ഘട്ടമായി വെട്ടി കുറച്ചെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Tags: