സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കേണ്ടെന്ന്; കൊവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റം

Update: 2022-01-10 14:45 GMT

ന്യൂഡല്‍ഹി; രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുന്നതിനിടയില്‍ ഐസിഎംആര്‍, കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിര്‍ദേശമനുസരിച്ച് കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന മുഴുവന്‍ പേരും ഇനി മുതല്‍ കൊവിഡ് പരിശോധനക്ക് വിധേയരാവേണ്ടതില്ല. പകരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ മാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നിയന്ത്രണമൊഴിവാക്കിയ രോഗികള്‍, കൊവിഡ് ചികില്‍സാ ഫെസിലിറ്റികളില്‍ നിന്ന് പുറത്തുവന്ന രോഗികള്‍, അന്തര്‍ സംസ്ഥാന- ആഭ്യന്തര യാത്ര നടത്തുന്നവര്‍ എന്നിവരെയും പരിശോധനക്ക് വിധേയരാക്കേണ്ടതില്ല. 

ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം, മറ്റ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പരിശോധനക്ക് വിധേയരാവണം. 

കൂടാതെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, എന്നിവിടങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പരിശോധനയുടെ പേരില്‍ സര്‍ജറികള്‍ മാറ്റിവയ്‌ക്കേണ്ടതില്ലെന്നും ആരോഗ്യ നിര്‍ദേശത്തിലുണ്ട്.  

Tags:    

Similar News