'എത്ര അഭിനയിച്ചിട്ടും കാര്യമില്ല, ജനം തൂത്തെറിയും'; കേരളം പഴയതൊന്നും മറക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ
തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ 2013-ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയുള്ള കല്ലേറിനെ ഓര്‍മിപ്പിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. എത്ര അഭിനയിച്ചിട്ടും കാര്യമില്ലെന്നും ജനം തൂത്തെറിയുമെന്നും കേരളം പഴയതൊന്നും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കൃത്യം പതിമൂന്ന് വര്‍ഷം മുന്‍പാണ് കണ്ണൂരില്‍ വെച്ച് എന്റെ പിതാവിന്റെ വണ്ടിക്ക് നേരെ ലാത്തിയും കല്ലുമെറിഞ്ഞത്. കല്ലെറിഞ്ഞ ശേഷം ഇന്നത്തെ മുഖ്യമന്ത്രി പറഞ്ഞത്. തൊലിക്കട്ടി ഉണ്ടെന്ന് അറിയാമായിരുന്നു എന്നാണ്. കല്ല് ചെന്ന് വീഴുന്ന ദൃശ്യവും കാറിന്റെ ഗ്ലാസ് തകരുന്ന ചിത്രമുണ്ട്. നെഞ്ചെത്ത് കല്ല് കൊള്ളുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. നെഞ്ചിന് ഇത്രയും തൊലിക്കട്ടി ഉണ്ടോയെന്ന് അന്ന് അദ്ദേഹം ചോദിച്ചത്' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഒരു ഹര്‍ത്താലിനും സമരത്തിനും അന്ന് അദ്ദേഹം അനുവദിച്ചില്ലെന്നും ആദ്യം അന്വേഷിച്ചത് പ്രതിപക്ഷ നേതാക്കളുടെ സുരക്ഷയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ആദ്യം ചെയ്യുന്നത് പ്രതിപക്ഷ നേതാക്കളുടെ ഓഫീസിലേക്ക് കല്ലെറിയുകയും അവരുടെ ബോര്‍ഡുകളും മറ്റും തകര്‍ക്കുകയുമാണ്. പ്രതിപക്ഷ നേതാവിനെ ആക്രമിക്കാനായിരിക്കും അടുത്ത ശ്രമമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.