തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും ആലപ്പുഴ ചന്തിരൂര്‍ ജാമിഅ മില്ലിയ്യഃ പ്രിന്‍സിപ്പാളുമായ വി.എം അബ്ദുല്ലാഹ് മൗലവിയെ തിരുവനന്തപുരം വലിയ ഖാസിയായി നിയമിച്ചതായി കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുല്ലാഹ് മൗലവി തിരഞ്ഞെടുക്കപ്പെട്ടത്. 1974ല്‍ വെല്ലൂര്‍ ജാമിഅഃ ബാഖിയാത്തു സ്സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം നേടിയ അദ്ദേഹം, ഈരാറ്റുപേട്ട മയ്യത്തുംകര, ചന്തിരൂര്‍ ഫാറൂഖിയ്യ തുടങ്ങി പ്രമുഖ മഹല്ലുകളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്.
ശൈഖ് ഹസ്സന്‍ ഹസ്രത്ത്, ശൈഖ് അബ്ദുറഹ്മാന്‍ ഫള്ഫരി, മുസ്ത്വഫാ ആലിം സാഹിബ്, വി.എം മൂസാ മൗലവി, കെ.എം മുഹമ്മദ് ഈസാ മൗലവി എന്നിവര്‍ പ്രധാന ഗുരുനാഥന്‍മാരാണ്. ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളില്‍ നൈപുണ്യമുളള അദ്ദേഹത്തിന് സംസ്ഥാനത്തിനകത്തും പുറത്തും മതരംഗത്ത് സേവനം ചെയ്യുന്ന നിരവധി പ്രമുഖ പണ്ഡിതരുള്‍പ്പടെ വലിയ ശിഷ്യ സമ്പത്തുണ്ട്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ഗ്രാന്റ് മുഫ്തിയുമായിരുന്ന വി.എം മൂസാ മൗലവിയുടെ ഇളയ സഹോദരന്‍ കൂടിയായ അബ്ദുല്ലാ മൗലവി നിലവില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്.
നിയുക്ത വലിയ ഖാസിയുടെ സ്ഥാനാരോഹണം മാര്‍ച്ച് അവസാന വാരം നടക്കും.
