ചാലക്കുടി പുഴയില്‍ വൈകീട്ടോടെ ജലനിരപ്പ് ഉയരും; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; തൃശൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

Update: 2021-10-16 10:37 GMT

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ജില്ലാ കലക്ടര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ല്യൂയിസ് വാല്‍വ് തുറന്നതിനാല്‍ കനത്ത ജലപ്രവാഹം പ്രതീക്ഷിക്കുന്നുണ്ട്. 200 ഘനഅടി വെള്ളം പുറത്തേക്ക് ഒഴിക്കിക്കഴിഞ്ഞു.

ചാലക്കുടിപ്പുഴയുടെ തീരത്ത് അത് വെള്ളപ്പൊക്കത്തിന് കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് ആറരയോടെയാണ് വെള്ളം പൊങ്ങാന്‍ സാധ്യത.

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 2 ഇഞ്ചില്‍ തുടങ്ങി ഘട്ടംഘട്ടമായി 12 ഇഞ്ചുവരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകളും 5 സെന്റീമീറ്ററില്‍ നിന്ന് ഘട്ടം ഘട്ടമായി 10 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും.

നിലവില്‍ മലമ്പുഴ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നുകഴിഞ്ഞു. ഇതും തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളെ ബാധിക്കും.

ആളിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. മലമ്പുഴ ഡാമിലെ വെള്ളവും ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും.

ജില്ലയില്‍ മലയോര മേഖലയിലൂടെ രാത്രി കാല യാത്ര ഒക്ടോബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചു. മണ്ണെടുപ്പും ഖനനവും മണലെടുപ്പും നിരോധിച്ചു. ഇന്ന് ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലയില്‍ ശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്. കടല്‍ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മധ്യ തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങളിലും മലയോര മേഖലയിലും ഇന്നും നാളെയും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.

Tags: