കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീതി പടര്‍ത്തുന്നു: കോണ്‍ഗ്രസ്

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് കശ്മീരിലെ ആശങ്കകളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്.

Update: 2019-08-03 14:07 GMT

ന്യൂഡല്‍ഹി:അമര്‍നാഥ് യാത്രക്കാരോടും വിനോദ സഞ്ചാരികളോടും യാത്ര അവസാനിപ്പിച്ച് മടങ്ങാന്‍ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഭീതി പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് കശ്മീരിലെ ആശങ്കകളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. 30 വര്‍ഷത്തിനിടെ ഇങ്ങനൊരു സംഭവം ആദ്യമാണ്. കേന്ദ്ര നീക്കം വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുടെ നിത്യജീവിതത്തെ ബാധിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ബിജെപി ജമ്മു കശ്മീരില്‍ ഭയവും വെറുപ്പും പ്രചരിപ്പിക്കുകയാണെന്നും ഇത് 90 കളിലേതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിപി സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ നീക്കങ്ങള്‍ നടത്തിയതിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്‌റ്റേഷനിലും എയര്‍ പോര്‍ട്ടിലും കുടുങ്ങി കിടക്കുന്നത്. രണ്ടര ലക്ഷത്തോളം തൊഴിലാളികളാണ് സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണെന്നും ഗുലാം നബി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരിക്കലും വിനോദ സഞ്ചാരികളോട് സംസ്ഥാനം വിടാന്‍ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമര്‍നാഥ് യാത്ര വെട്ടികുറച്ച് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിനിടെ ഹോസ്റ്റലുകളില്‍ നിന്നും വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാനും ആവശ്യപ്പെടുന്നുണ്ട്. അമര്‍നാഥ് പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം എത്തിയിരിക്കുന്നത്.

Similar News