നിത്യാനന്ദയ്‌ക്കെതിരേ നടപടിയെടുക്കാന്‍ കര്‍ണാടകയ്ക്ക് കേന്ദ്ര നിര്‍ദേശം

നിത്യാനന്ദയുടെ ലൈംഗികപീഡനത്തിനിരയായ ബംഗളൂരുകാരിയായ ഒരു സ്ത്രീയുടെ പരാതിയിലാണ് കേന്ദ്രത്തിന്റെ നടപടി.

Update: 2019-12-29 19:21 GMT

ബംഗളൂരു: ബലാല്‍സംഗം അടക്കം നിരവധി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ദൈവം നിത്യാനന്ദനെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം, കര്‍ണാടക സര്‍ക്കാരിന് കത്തയച്ചു. നിത്യാനന്ദയെ പിടി കൂടി തിരിച്ചെത്തിക്കാനാവശ്യപ്പെടുന്ന അപേക്ഷ ഔദ്യോഗികമായി അയക്കാന്‍ അഡി. ചീഫ് സെക്രട്ടറിക്കുയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു.

നിത്യാനന്ദയ്‌ക്കെതിരേ കോടതിയെ സമീപിക്കാനും പ്രതിയെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് വാങ്ങാനും അക്കാര്യം കേന്ദ്രത്തെ രേഖാമൂലം അറിയിച്ച് നിത്യാനന്ദയെ രാജ്യത്ത് തരിച്ചെത്തിക്കാനുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

നിത്യാനന്ദയുടെ ലൈംഗികപീഡനത്തിനിരയായ ബംഗളൂരുകാരിയായ ഒരു സ്ത്രീയുടെ പരാതിയിലാണ് കേന്ദ്രത്തിന്റെ നടപടി. നിത്യാനന്ദ ഒരു വിദേശ രാജ്യത്താണെന്നും അയാളെ നിയമവ്യവസ്ഥയ്ക്കു മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നുമാണ് ഡിസംബര്‍ 18 ന് അയച്ച കത്തില്‍ എഴുതിയിരിക്കുന്നത്.

ഇക്വഡോറില്‍ കൈലാസ എന്ന പേരില്‍ ഒരു ദ്വീപ് സ്വന്തമാക്കിയ നിത്യാനന്ദ അതൊരു രാജ്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു അമേരിക്കന്‍ നിയമസ്ഥാപനം വഴി ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നതായി വാര്‍ത്ത വന്നിരുന്നു.




Tags:    

Similar News