വ്യവസായ തര്‍ക്ക പരിഹാരത്തിന് കേന്ദ്രീകൃത പരിശോധനാ പോര്‍ട്ടല്‍: ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2021-07-28 12:01 GMT

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.

ആഗസ്റ്റ് ഒന്ന് മുതല്‍ പോര്‍ട്ടലധിഷ്ഠിത പരിശോധനാ രീതിയായിരിക്കും ഉണ്ടാവുക. വ്യവസായ തര്‍ക്ക പരിഹാരത്തിനായി രൂപം നല്‍കുന്ന പരാതി പരിഹാര സംവിധാനം സംബന്ധിച്ച കരട്ബില്‍ തയ്യാറായിക്കഴിഞ്ഞു. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കാനുള്ള മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി വ്യവസായ മന്ത്രി അറിയിച്ചു. 

കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥലം അനുവദിച്ചു. വാക്‌സിന്‍ ഉത്പാദനവും ഫില്ലിങ്ങും നടത്താന്‍ കഴിയും വിധമുള്ള സാധ്യതകള്‍ ആണ് അന്വേഷിക്കുന്നത്. കൊവിഡിനപ്പുറം ഭാവി ആവശ്യങ്ങളെ കൂടി അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഇതിലൂടെ സംസ്ഥാനം നടത്തുന്നത്. പുതുക്കിയ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനയിലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Tags: