മഹാരാഷ്ട്രയില്‍ കൊവിഡ് രണ്ടാം തരംഗമെന്ന് കേന്ദ്ര സംഘം

Update: 2021-03-16 15:46 GMT

മുംബൈ: മഹാരാഷ്ട്ര കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്നതായി കേന്ദ്ര കൊവിഡ് നിരീക്ഷണ സംഘത്തിന്റെ റിപോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും ക്വാറന്റൈനിലാക്കുന്നതിലും വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്ന് സംഘം കുറ്റപ്പെടുത്തി.

കേന്ദ്ര സംഘത്തിന്റെ റിപോര്‍ട്ടിനു പുറമെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയവയ്ക്ക് കൊവിഡ് വ്യാപനം തയടുന്നതില്‍ വലിയ പങ്കില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് നിയന്ത്രണ, നിരീക്ഷണ, പരിശോധനാ പദ്ധതികള്‍ കൃത്യമായി നടപ്പാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സീതാറാം കുണ്ടെയ്ക്കാണ് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുള്ളത്. നിലവില്‍ ആവശ്യമായ ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ മോശപ്പെട്ട അവസ്ഥയെ അഭിമുഖീകരിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 7-11 തിയ്യതികളിലാണ് കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത്. 2020 ആഗസ്റ്റ് -സപ്തംബര്‍ മാസങ്ങളില്‍ ചെയ്തതുപോലെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ സംവിധാനം പുനഃസ്ഥാപിക്കണമെന്നും സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശിച്ച എല്ലാ ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതാണ്. പല ജില്ലകളിലും അത് 51 ശതമാനം മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഈ ജില്ലകളില്‍ കനത്ത കൊവിഡ് വ്യാപനം നടക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News