'കൊവിഡ് പോരാളി'കളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റില്‍ കേന്ദ്ര സംവരണം

Update: 2020-11-19 13:19 GMT

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പുതിയൊരു സംവരണവിഭാഗം കൂടി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കൊവിഡിനെതിരേയുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് കൊവിഡ് വന്നോ അല്ലാതെയോ ജീവന്‍ നഷ്ടപ്പെടുന്നവരുടെ മക്കള്‍ക്കാണ് സംവരണം ലഭിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംവരണം ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

2020-21 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര പൂളിലുള്ള 5 സീറ്റാണ് ഇതിന് മാറ്റിവയ്ക്കുന്നത്.

സമൂഹത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയവര്‍ക്കുള്ള ബഹുമതിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പ്രാദേശിക സര്‍ക്കാരിലെ കോണ്‍ട്രാക്റ്റര്‍മാര്‍, ദിവസവേതനക്കാര്‍, താല്‍ക്കാലിക ജോലിക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ജോലിക്കെടുത്തവര്‍, കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് സ്വയം ഭരണ ആശുപത്രികളിലെയോ ജീവനക്കാര്‍, സംസ്ഥാന, കേന്ദ്ര, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ജീവനക്കാര്‍ തുടങ്ങി കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് മരിച്ച എല്ലാവരുടെയും മക്കള്‍ക്ക് ഈ സീറ്റിന് അര്‍ഹതയുണ്ടാവും.

കൊവിഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പാക്കേജുംപ്രഖ്യാപിച്ചു.

Similar News