'പിഎം കെയറി'ല്‍ തൊടാതെ കേന്ദ്ര സര്‍ക്കാര്‍: കൊവിഡ് ചെലവുകള്‍ക്ക് പണം കണ്ടെത്തിയത് അന്താരാഷ്ട്ര വായ്പ വഴി

Update: 2020-10-06 15:28 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 15,000 കോടിയുടെ പാക്കേജിനുള്ള പണം കണ്ടെത്തിയത് അന്താരാഷ്ട്ര വായ്പ വഴിയെന്ന് വിവരാവകാശ രേഖ. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎം കെയറില്‍ കോടികള്‍ ബാക്കി കിടക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര ബാങ്കുളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിച്ച് വായ്പയെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതിയെയും രൂപയുടെ മൂല്യത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ നീക്കം പുറത്തുകൊണ്ടുവന്നത് ലോജിക്കല്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകനായ സൗരവ് ദാസാണ്.

15,000 കോടി രൂപ മൂന്ന് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായാണ് കേന്ദ്ര സര്‍ക്കാര്‍ കരസ്ഥമാക്കിയതെന്ന് സൗരവിന്റെ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി എസ് നായക് അറിയിച്ചു. അതുപ്രകാരം ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്(എഡിബി), ഇന്റര്‍നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്(എഐഐബി), ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റി കണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റ്(ഐബിആര്‍ഡി) തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നാണ് വായ്പയെടുത്തത്. 

ആദ്യത്തെ വായ്പാ കരാര്‍ ഏപ്രില്‍ 3ാം തിയ്യതിയാണ് ഒപ്പുവച്ചത്. അതായത് പിഎം കെയര്‍ പദ്ധതി ഒപ്പുവച്ച് ഏഴാം ദിവസം. ഐബിആര്‍ഡിയുമായി ഒപ്പുവച്ച ഈ കരാര്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് 7500 കോടി(1000 ദശലക്ഷം ഡോളര്‍) രൂപയാണ് ലഭിച്ചത്. 2025 മുതല്‍ 13 വര്‍ഷം കൊണ്ട് 1 ശതമാനം പലിശയ്ക്കാണ് ഇത് തിരിച്ചടക്കേണ്ടത്.

രണ്ടാമത്തെ വായ്പാ കരാര്‍ എഡിബിയുമായി ഏപ്രില്‍ 28ന് ഒപ്പുവച്ചു. 1-2 ശതമാനം പലിശയ്ക്ക് 3750 കോടി രൂപ(500 ദശലക്ഷം ഡോളര്‍)യാണ് ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. 2023 മുതല്‍ 7 വര്‍ഷം കൊണ്ട് ഇത് അടച്ചുതീര്‍ക്കണം.

എഡിബി വായ്പയെ കുറിച്ച് പഠിച്ച സൗരവ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയും കണ്ടെത്തി. ഇക്കാലത്ത് മറ്റൊരു 7500 കോടി രൂപയും എഡിബിയില്‍ നിന്ന് കേന്ദ്രം വായ്പയെടുത്തിരുന്നു. രണ്ട് വര്‍ഷം കൊണ്ടാണ് ഇത് അടച്ചുവീട്ടേണ്ടത്. 

ജൂണ്‍ 15ന് ഇതേ ബാങ്കില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 22 കോടി രൂപ മറ്റൊരു ആവശ്യത്തിനും കടമെടുത്തു. അന്താരാഷ്ട്ര യാത്രികള്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുമ്പോള്‍ അവരെ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കാനാണ് ഈ പണം വിനിയോഗിക്കുക. പിഎം കെയറില്‍ നിന്ന് പെട്ടെന്ന് കണ്ടെത്താവുന്ന വളരെ ചെറിയ തുകയാണ് ഇതെന്ന് വ്യക്തം. പക്ഷേ, അതിനും കേന്ദ്ര സര്‍ക്കാര്‍, വായ്പയെ ആശ്രയിക്കുകയായിരുന്നു.

മൂന്നാമത്തെ വായ്പ എഐഐബിയില്‍ നിന്ന് 3750 കോടിയുടേതാണ്(500 ദശലക്ഷം ഡോളര്‍). മെയ് 8ാം തിയ്യതി ഒപ്പുവച്ച ഈ കരാര്‍ പ്രകാരം 1.25 ശതമാനമാണ് പലിശ. 

പിഎം കെയറില്‍ കോടികള്‍ കെട്ടിക്കിടക്കുമ്പോള്‍ കേന്ദ്ര ഖജനാവില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുന്ന അന്താരാഷ്ട്ര വായ്പയിലേക്ക് കേന്ദ്രം കണ്ണുവയ്ക്കുന്നതിനെതിരേ സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വായ്പയുടെ പലിശയല്ല പ്രശ്‌നമെന്നും വായ്പകള്‍ ഡോളറിലാണ് തിരിച്ചടക്കേണ്ടതുളളതെന്നതുകൊണ്ട് രൂപയുടെ മൂല്യത്തെ അത് വലിയ തോതില്‍ ബാധിക്കുമെന്നും ജെഎന്‍യുവിലെ അധ്യാപികയും സാമ്പത്തിക വിദഗ്ധയുമായ ജയതി ഘോഷ് പറയുന്നു. 

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുയെന്ന ഉദ്ദേശ്യത്തോടെയാണ് മോദി സര്‍ക്കാര്‍ മാര്‍ച്ച് 28ന് പിഎം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. പിഎം റിലീഫ് ഫണ്ട് നിലനില്‍ക്കുമ്പോള്‍ പിഎം കെയര്‍ എന്തിനാണെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ പദ്ധതി, വാക്‌സിന്‍ നിര്‍മാണം, വെന്റിലേറ്റര്‍ നിര്‍മാണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഫണ്ട് രൂപീകരിക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു. വിവിധ കമ്പനികളും വിദേശ കോര്‍പറേഷനുകളും സ്വകാര്യ, പൊതു സ്ഥാപനങ്ങളും പിഎം കെയറിലേക്ക് വലിയ തോതില്‍ പണം സംഭാവന ചെയ്തു. പല കമ്പനികളും തങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടാണ് പിഎം കെയറിലേക്ക് മാറ്റിയത്. ഇതിലേക്ക് നല്‍കുന്ന പണം വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട നിയമത്തില്‍ നിന്ന് സ്വതന്ത്രമായിരിക്കുമെന്ന പ്രഖ്യാപനത്തോടെ വിദേശഫണ്ടിന്റെ വലിയ കുത്തൊഴുക്കുതന്നെയുണ്ടായി. ഈ സാഹചര്യത്തിലും പിഎം കെയര്‍ ഓഡിറ്റ് ചെയ്യില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വലിയ വിവാദമായിരുന്നു. 

ഏപ്രില്‍ 22ന് പ്രഖ്യാപിച്ച 15,000 കോടിയുടെ പാക്കേജും പിഎം കെയറിന്റെ അതേ ഉദ്ദേശ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടത്. ആവശ്യമെങ്കില്‍ ഈ പാക്കേജിലേക്ക് പിഎം കെയറില്‍ നിന്ന് പണം ലഭിക്കുമെന്നിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ വായ്പയെ ആശ്രയിച്ചതെന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. 

പിഎം കെയറിലേക്ക് വിവിധ വഴികളിലൂടെ കോടികള്‍ ഒഴുകുമ്പോളും കൊവിഡ് പ്രതിരോധ ചെലവിന് വിദേശവായ്പയെ ആശ്രയിക്കുമ്പോഴും ഈ ഫണ്ടില്‍ നിന്ന് ആറ് മാസം കൊണ്ട് വെറും 3100 കോടി രൂപമാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 1000 കോടി, 50,000 വെന്റിലേറ്ററുകള്‍ ഉണ്ടാക്കുന്നതിന് 2000 കോടി, വാക്‌സിന്‍ ഗവേഷണത്തിന് 100 കോടി ഇങ്ങനെ പോകുന്നു അത്. വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ കൊടുത്ത 2000 കോടിയില്‍ 373 കോടി നല്‍കിയത് ചെന്നൈയിലെ ട്രിവിട്രോണ്‍ കമ്പനിക്കാണ്. ഈ കമ്പനി ഇതുവരെ വെന്റിലേറ്ററുകള്‍ നിര്‍മിച്ചിട്ടില്ലെന്നതാണ് വലിയ തമാശ.