കേന്ദ്ര സര്‍ക്കാരിന് ട്വിറ്ററിനെ പേടി; പരിഹാസവുമായി ശിവസേനാ മുഖപത്രം

Update: 2021-06-07 10:18 GMT

മുംബൈ: ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ശിസേന മുഖപത്രം.കേന്ദ്ര സര്‍ക്കാരിന് ട്വിറ്ററിനെ ഭയമാണെന്നും അത് അവര്‍ക്കൊരു തലവേദനയായി മാറിയെന്നും സാമ്‌നയില്‍ എഴുതിയ കുറിപ്പില്‍ ശിവസേന അഭിപ്രായപ്പെട്ടു. ട്വിറ്ററിനെ എറിഞ്ഞുകളയാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും സാമ്‌ന കുറ്റപ്പെടുത്തി.

നേരത്തെ ബിജെപിയുടെ ഹൃദയ സൂക്ഷിപ്പുകാരായിരുന്നു ട്വിറ്റര്‍. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത്. ഇപ്പോഴാണ് അവര്‍ക്ക് ട്വിറ്റര്‍ ബാധ്യതയായി മാറിയത്. ആ ബാധ്യത ഒഴിക്കണോ എന്ന് ആലോചിക്കുന്ന ഘട്ടത്തിലാണ് ട്വിറ്റര്‍ ഇപ്പോഴുള്ളത്. ഇന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളും ട്വിറ്ററിനെപ്പോലുളളവ ഒഴിച്ച് മോദിയുടെ നിയന്ത്രണത്തിലാണ്- എഡിറ്റോറിയലില്‍ സൂചിപ്പിക്കുന്നു.

2014ല തിരഞ്ഞെടുപ്പ് കാലത്ത് പ്രതിച്ഛായാ നിര്‍മിതിക്കും തകര്‍ക്കുന്നതിനും സാമൂഹികമാധ്യമങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടികള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ചളിവാരിയെറിയുന്ന പണി തുടരുകയാണ്. ബിജെപിക്കല്ലാതെ മറ്റാര്‍ക്കും ഈ പണി അധികം അറിയില്ല. 2014ല്‍ ബിജെപി ഈ പണിയില്‍ വൈദഗ്ധ്യം നേടി. ആ സമയത്ത് ബിജെപിയുടെ വക്താക്കള്‍ സമൂഹത്തിനുളളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ പ്രചാരണത്തിലായിരന്നു ശ്രദ്ധിച്ചിരുന്നത്- എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും ദിവസമായി ഉപരാഷ്ട്രപതി അടക്കം ബിജെപിനേതാക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് ട്വിറ്റര്‍ നീല ടാഗ് പിന്‍വലിച്ചിരുന്നു. ഇത് വലിയ വിവാദമായി. ദീര്‍ഘകാലമായി നിര്‍ജീവമായതിനാലാണ് ഇതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ബിജെപിയും ട്വിറ്ററും തമ്മിലുളള മല്‍സരത്തിന് ഇത് കാരണമായി. സാമൂഹികമധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയത്തിനനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് കത്തയച്ചിരുന്നു.

Tags:    

Similar News