കേന്ദ്ര കാബിനറ്റ് പുനഃസംഘടന; നിര്‍ണായക യോഗം ഇന്ന്

Update: 2021-07-06 04:20 GMT

ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്നേക്കും. കാബിനറ്റ് പുനഃസംഘടന ഈ ആഴ്ച ഉണ്ടായേക്കുമെന്നാണ് റിപോര്‍ട്ട്. പുനഃസംഘടനാ പ്രഖ്യാപനം ബുധനാഴ്ച നടന്നേക്കുമെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, ബിജെപി മേധാവി ജഗത് പ്രകാശ് നദ്ദ മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവരാണ് ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കുക.

വൈകീട്ട് അഞ്ച് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

പുതുതായി 18 അംഗങ്ങളെയാണ് കേന്ദ്ര കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതെന്ന് ബിജെപിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പുതിയ നീക്കം.

കാബിനറ്റ് പുനഃസംഘനടയുമായി ബന്ധപ്പെട്ട് അമിത്ഷായും ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായും പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയിരുന്നു.

2019 മെയില്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ കാബനറ്റ് പുനഃസംഘടന നടത്തിയിട്ടില്ല.

ബിജെപി നേതാവ് സര്‍ബാനന്ദ സൊനൊവാള്‍, ജ്യോതിരാദിത്യ സിന്ധ്യ, സുശില്‍ മോദി തുടങ്ങിയവര്‍ മന്ത്രിമാരായേക്കുമെന്ന് കരുതുന്നുണ്ട്.

ജനതാദള്‍ യുണൈറ്റഡ്, പോലുള്ള സഖ്യ കക്ഷികളുടെ പ്രതിനിധികളെയും കാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.

നിലവില്‍ 53 കാബിനറ്റ് അംഗങ്ങളാണ് ഉള്ളത്. 79 ആണ് പരമാവധി ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം.

പിയൂഷ് ഗോയല്‍, ഹര്‍ദീപ് പുരി തുടങ്ങിയ മന്ത്രിമാര്‍ നിരവധി വകുപ്പുകള്‍ കൂടുതലായി കൈവശം വച്ചിട്ടുണ്ട്. അത് പിരിച്ച് പുതിയ മന്ത്രിമാരെ ഏര്‍പ്പിക്കാനാണ് ആലോചന.

നിലവിലുള്ള 57 മന്ത്രിമാരില്‍ 24 പേര്‍ക്കാണ് കാബിനറ്റ് റാങ്കുള്ളത്. 9 പേര്‍ക്ക് സ്വതന്ത്രചുമതലയുണ്ട്. 24 പേര്‍ സഹമന്ത്രിമാരാണ്.