കേന്ദ്ര കാബിനറ്റ് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിച്ചു; സ്മൃതി ഇറാനിയും മന്‍സൂക് മാണ്ഡവ്യയും പുതിയ അംഗങ്ങള്‍

Update: 2021-07-13 06:39 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനക്കു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ കാബിനറ്റ് കമ്മറ്റികളും പുനസ്സംഘടിപ്പിച്ചു. സാമ്പത്തികകാര്യ കമ്മറ്റിയും രാഷ്ട്രീയകാര്യ കമ്മിറ്റയും പുതിയ അംഗങ്ങളെ കൊണ്ടുവരുന്നതോടൊപ്പം എണ്ണം കുറക്കുകയും ചെയ്തു. സാമ്പത്തികകാര്യ കമ്മിറ്റിയില്‍ പ്രധാനപ്പെട്ട മന്ത്രാലയങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയകാര്യ കമ്മിറ്റിയില്‍ സഖ്യകക്ഷികളില്‍ നിന്നുളളവരെയോ ദലിത് ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുളളവരോ ഉള്‍പ്പെടുത്തിയിട്ടില്ല.

കേന്ദ്ര മന്ത്രിമാരായ സ്മിതി ഇറാനി, ഗിരിരാജ് സിങ്, മന്‍സൂക് മാണ്ഡവ്യയും ഭൂപേന്ദര്‍ യാദവ്, സര്‍ബാനന്ദ സൊണോപാല്‍ എന്നിവരാണ് പുതുതായി രാഷ്ട്രീയ കാര്യ കമ്മിറ്റികളിലെത്തിയ പ്രമുഖര്‍. മാണ്ഡവ്യ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല കൊടുത്ത് കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

നേരത്തെ സാമ്പത്തികകാര്യ കമ്മിറ്റിയില്‍ അകാലിദളിലെ ഹര്‍സിമ്രാത് കൗര്‍ അടക്കം 11 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 8 ആയി കുറച്ചു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിധിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, നരേന്ദ്ര സിങ് തൊമര്‍, എസ് ജയ്ശങ്കര്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരാണ് പുതിയ കമ്മിറ്റിയിലെ അംഗങ്ങള്‍.