ദേശീയപാതാ വികസനത്തിന് കേന്ദ്ര സഹായം; നന്ദി അറിയിച്ച് മുഖ്യമന്ത്രി

Update: 2020-05-12 15:22 GMT

തിരുവനന്തപുരം: കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡില്‍ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയും.

ദേശീയപാതാ വികസനത്തിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള 39 കി.മീ 45 മീറ്റര്‍ വീതിയില്‍ 6 വരി ആക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം ചെലവ് 1968.84 കോടി രൂപയാണ്. രണ്ടര വര്‍ഷം കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനുദ്ദേശിക്കുന്നത്. 35.66 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി രൂപചെലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 521.81 കിലോ മീറ്റര്‍ ദേശീയപാതാ വികസനത്തിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതില്‍ 266.22 കിലോ മീറ്റര്‍ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 18 കിലോ മീറ്റര്‍ ദൂരമുള്ള തലശേരി-മാഹി ബൈപാസ് പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട് ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലടക്കം ഇരുപതിനായിരം കോടിയോളം രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പ്രവൃത്തികള്‍ തൊഴില്‍സാധ്യത കൂടി വര്‍ധിപ്പിക്കും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനം മുതല്‍ക്കൂട്ടാകും. വ്യവസായ വാണിജ്യ മേഖലകളിലെ വികസനവും ത്വരിതപ്പെടുത്താന്‍ ഈ പദ്ധതികള്‍ പ്രയോജനകരമാകും. തുടര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും ചെയ്യും. 

Tags: