രാജ്യത്ത് സെന്‍സസ് ആരംഭിക്കുന്നു; 15 വര്‍ഷത്തിന് ശേഷം ഡിജിറ്റല്‍ കണക്കെടുപ്പ്

Update: 2026-04-01 06:04 GMT

ന്യൂഡല്‍ഹി: 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് ഇന്ന് ആരംഭിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ല്‍ നടത്താനിരുന്ന സെന്‍സസ് വൈകിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും കണക്കെടുപ്പാണിത്. 145 കോടിയോളം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ദൗത്യത്തിനായി 30 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായി സെന്‍സസ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയിലാണ് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ മെബൈല്‍ ആപ്പ് വഴി വിവരങ്ങള്‍ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. പൗരന്മാര്‍ക്ക് 'സെല്‍ഫ് എന്‍യുമറേഷന്‍' സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ വീടുകളുടെ അവസ്ഥ, സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളാണ് ചോദിക്കുക. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും. വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റം, മതം എന്നിവയ്‌ക്കൊപ്പം ജാതിവിവരങ്ങളും ശേഖരിക്കും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജാതി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം നടക്കുന്നത് വികസന പദ്ധതികളും സംവരണ നയങ്ങളും കൂടുതല്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

2011ലെ കണക്കുകള്‍ അടിസ്ഥാനമാക്കി ഇതുവരെ പദ്ധതികള്‍ നടപ്പിലാക്കിയിരുന്ന സാഹചര്യത്തില്‍, പുതുക്കിയ വിവരങ്ങളുടെ ആവശ്യകത ഏറെക്കാലമായി ഉയര്‍ന്നിരുന്നു. ജനസംഖ്യ വര്‍ധനയും നഗരവല്‍കരണവും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പുതിയ സെന്‍സസിലൂടെ രേഖപ്പെടുത്തും. സെന്‍സസ് പൗരത്വവുമായി ബന്ധപ്പെട്ടതല്ലെന്നും ഇത് വെറും കണക്കെടുപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടം ആന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി, ഗോവ, കര്‍ണാടക, മിസോറാം, ഒഡീഷ എന്നിവിടങ്ങളിലാണ് തുടക്കം. കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് വരും ദിവസങ്ങളില്‍ വ്യാപിപ്പിക്കും.

Tags: