ശ്മശാന ജീവനക്കാരുടെ ദുരിതം: മനുഷ്യാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയച്ചു

Update: 2021-08-07 09:59 GMT

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് കഠിനമായി ജോലി ചെയ്യേണ്ടിവരുന്ന ശ്മശാന ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടിസ് അയച്ചു. അതു സംബന്ധിച്ച് ലഭിച്ച ഒരുപരാതിയിലാണ് നോട്ടിസ് അയച്ചത്.

വിഷയം പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും തൊഴില്‍ വകുപ്പുകളോടുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികള്‍ വളരെ ഗൗരവമുള്ളതാണെന്നും കമ്മീഷന്‍ നല്‍കിയ കത്തില്‍ പറയുന്നു. കൊവിഡ് രോഗികളെ വിവിധ ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ വേതനം ലഭിക്കുന്നില്ലെന്നും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പലയിടത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ എനക്കുന്നില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

സുപ്രിംകോടതി അഭിഭാഷകനായ രാധാകാന്ത ത്രിപാഠിയാണ് ദേശീയ മനുഷ്യാവകാശകമ്മീഷന് പരാതി അയച്ചത്. നാല് ആഴ്ചക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി നല്‍കണം.

പ്രശ്‌നത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഇടപെടണമെന്നും രാജ്യവ്യാപകമായി ഇതാണ് സ്ഥിതിയെന്നും പരാതിക്കാരന്‍ പറയുന്നു. അമിത ഭാരം, പട്ടിണി, കുറഞ്ഞ ശമ്പളം എന്നിങ്ങനെ നിരവധി പരാതികളാണ് ജീവനക്കാര്‍ക്കുള്ളത്. ഇവരുടെ ദുരിതങ്ങള്‍ ആരും പരിഗണിക്കുന്നില്ല.

കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരുന്നു. ശ്മശാനങ്ങളിലെ തിരക്കും വര്‍ധിച്ചു. പലയിടങ്ങളിലും ഭീതിദമായ പശ്ചാത്തലത്തിലാണ് അവര്‍ ജോലി ചെയ്യേണ്ടിവന്നത്. ദലിതരാണ് കൂടുതലും ജോലി ചെയ്യുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  

Tags:    

Similar News