യുവേഫയുടെ അച്ചടക്ക നടപടി തള്ളി സെല്‍റ്റിക്കിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം

Update: 2023-10-27 14:06 GMT

ഗ്ലാസ്‌ഗോ: ഇസ്രായേലിന്റെ നരനായാട്ടിനിരയാകുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെല്‍ടിക് ആരാധകര്‍. ഇത്തവണ ഗസയില്‍ അക്രമണം നടന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് സെല്‍റ്റിക്ക് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വരുന്നത്. ക്ലബ്ബിന്റെയും യൂറോപ്പ് ഫുട്ബാള്‍ അസോസിയേഷന്റെയും ശാസന വകവെക്കാതെയാണ് ആരാധകരുടെ ഐക്യദാര്‍ഢ്യം. ഇതേതുടര്‍ന്ന്, സ്‌കോട്ലന്‍ഡ് ക്ലബ്ബായ സെല്‍ടിക് യുവേഫയുടെ അച്ചടക്ക നടപടിയുടെ നിഴലിലാണ്.

കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിലെ സെല്‍ടിക് പാര്‍ക്കില്‍ യൂറോപ്പാ ലീഗിലെ സെല്‍ടിക് - അത്ലറ്റികോ മാഡ്രിഡ് മത്സരം നടക്കവെയാണ് ആയിരക്കണക്കിന് ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയും ബാനറുകളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരാധകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സെല്‍ടിക് ക്ലബ്ബ് അധികൃതരുടെയും യുവേഫയുടെയും കണ്ണുരുട്ടല്‍ പാടെ തള്ളിയായിരുന്നു ഫലസ്തീനുള്ള ഐക്യദാര്‍ഢ്യ പ്രകടനം.

സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍ടികിന്റെ ഇടതു ചായ്‌വുള്ള ആരാധക കൂട്ടായ്മയായ ഗ്രീന്‍ ബ്രിഗേഡ് ആണ് പതാകകളുമായി സ്റ്റേഡിയത്തിലെത്താന്‍ മുന്‍കൈ എടുത്തത്. ധൈര്യത്തോടെ ഫലസ്തീന്‍ പതാക ഉയര്‍ത്തൂ എന്ന് ഗ്രീന്‍ ബ്രിഗേഡ് ആഹ്വാനം ചെയ്തിരുന്നു. മത്സരത്തിന് മുമ്പ്, പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ബാനറുകളും പതാകകളും ചിഹ്നങ്ങളും പ്രദര്‍ശിക്കരുതെന്ന് ക്ലബ്ബ് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഇതിന് പുല്ലുവില നല്‍കാതെയാണ് ക്ലബ്ബ് ആരാധാകര്‍ ഫലസ്തീന്‍ പതാകകളുമായി സ്റ്റേഡിയത്തിലെത്തിയത്.

2018ല്‍ ഗസയില്‍ ഇസ്രായേല്‍ 16 പേരെ കൊലപ്പെടുത്തിയതിന്, ചാമ്പ്യന്‍സ് ലീഗിനെത്തിയ ഇസ്രായേലി ക്ലബ്ബിന് മുന്നില്‍ നിരവധി കൂറ്റന്‍ ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തി സെല്‍റ്റിക് ആരാധകര്‍ പ്രതികരിച്ചിരുന്നു.2016ല്‍ ഇസ്രായേല്‍ ക്ലബ്ബിനെതിരായ മത്സരത്തിനിടെ ആരാധാകര്‍ സ്റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയതിന് ക്ലബ്ബിന് യുവേഫ 9,000 പൗണ്ട് (പത്ത് ലക്ഷത്തോളം രൂപ) പിഴ ചുമത്തിയിരുന്നു. ഇതിനുശേഷം ഫലസ്തീനികള്‍ക്കുള്ള ചികിത്സാ സഹായത്തിനും സെല്‍റ്റിക്കിന്റെ പേരില്‍ ബെത്ലഹേമില്‍ ഒരു ഫുട്ബോള്‍ അക്കാദമി രൂപീകരിക്കാനും ഓണ്‍ലൈന്‍ കാമ്പയിനിലൂടെ ഗ്രീന്‍ ബ്രിഗേഡ് 1,30,000 പൗണ്ട് സമാഹരിച്ചിരുന്നു.





Tags: