സിസിടിവി തുണയായി; ദേവകിക്ക് നഷ്ടപ്പെട്ട മൂന്നര പവന്‍ സ്വര്‍ണമാല കണ്ടെത്തി

Update: 2022-02-04 02:50 GMT

പെരിന്തല്‍മണ്ണ: റോഡരുകില്‍ നടന്നു നീങ്ങുന്നതിനിടെ നഷ്ടപ്പെട്ട മൂന്നര പവന്‍ സ്വര്‍ണമാല സിസിടിവിയുടെ സഹായത്തില്‍ കണ്ടെത്തി. ഏലംകുളം സ്വദേശിനി ദേവകിയുടെ നഷ്ടപ്പെട്ട സ്വര്‍ണമാലയാണ് ആക്രി പെറുക്കുന്ന തമിഴ് ദമ്പതികളില്‍ നിന്ന് പോലിസ് കണ്ടെടുത്ത് തിരിച്ചേല്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച പകല്‍ നഷ്ടപ്പെട്ട ആ ഭരണം വിവിധ ഇടങ്ങളില്‍ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ റോഡരുകിലെ ഒരു വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ ആപ്പ ഓട്ടോയിലെത്തിയ സ്ത്രീ റോഡരുകില്‍ നിന്ന് മാല പെറുക്കി എടുക്കുന്നതായി കാണുകയായിരുന്നു.

ഉടന്‍ പെരിന്തല്‍മണ്ണ പോലിസിലെത്തിയ ദേവകി പരാതിയും സിസിടിവി ദൃശ്യവും കൈമാറി. ദൃശ്യത്തില്‍ കണ്ട ഒട്ടോ തേടി അന്വേഷിച്ച പോലിസ് അങ്ങാടിപ്പുറത്തു നിന്ന് വാഹനത്തേയും അത് ഉപയോഗിച്ച തമിഴ് ദമ്പതികളെയും കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ ദമ്പതികള്‍ മാല കൈമാറുകയായിരുന്നു. സി ഐ സുനില്‍പുളിക്കല്‍, എസ്‌ഐ സി കെ നൌഷാദ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.