കരൂര്‍ ദുരന്തം: ടിവികെ അധ്യക്ഷന്‍ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

Update: 2026-01-13 09:55 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ രാഷ്ട്രീയ പാര്‍ട്ടി സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തത നേടുന്നതിനായി ചെന്നൈയിലെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ടിവികെ റാലിക്കിടെയായിരുന്നു ദുരന്തം. തിരക്ക് നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായതായും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.

നേരത്തെ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും, ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിഗണിച്ചാണ് വീണ്ടും വിളിപ്പിക്കുന്നത്. പാര്‍ട്ടി പരിപാടിയുടെ ആസൂത്രണം, വോളന്റിയര്‍മാരുടെ വിന്യാസം, അനുമതി പത്രത്തിലെ നിബന്ധനകള്‍ കൃത്യമായി പാലിച്ചോയെന്നതടക്കമുള്ള വിഷയങ്ങളിലാണ് സിബിഐപ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിക്കെതിരേ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്ന് ടിവികെ പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ഇത് കോടതി നിര്‍ദേശപ്രകാരമുള്ള നിയമപരമായ അന്വേഷണ നടപടികള്‍ മാത്രമാണെന്നാണ് സിബിഐയുടെ വിശദീകരണം.

Tags: