മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്: 26 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2019-11-23 09:14 GMT

ന്യൂഡല്‍ഹി : മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിങിന്റെ വീട്ടില്‍ നിന്ന് 26 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. വികസന ഫണ്ടില്‍ നിന്ന് 332 കോടി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഇബോബിക്കതിരേ കേസ് എടുത്തിരുന്നു. ഇതെതുടര്‍ന്ന് മൂന്ന് നഗരങ്ങളിലായി ഒമ്പത് സ്ഥലത്ത് സിബിഐ പരിശോധന നടത്തിലാണ് പിടിച്ചെടുത്തത്.

മണിപ്പൂര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഭാഗമായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വസതി കേന്ദ്രീകരിച്ചാണ് സിബിഐ റെയ്ഡ് നടത്തിയത്. സിങിന്റെ വസതിയില്‍ നിന്ന് നിരോധിത നോട്ടുകള്‍ക്ക് പുറമേ ആഢംബര കാറുകളും കണ്ടെത്തി. 2009 ജൂണ്‍ 30 മുതല്‍ 2017 ജൂലൈ 6 വരെ മണിപ്പൂര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍മാനായിരുന്ന സിങ് സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സിബിഐ സിംഗിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതെന്ന് സിബിഐ വക്താവ് അറിയിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചിരുന്ന 518 കോടി രൂപയില്‍ 332 കോടി രൂപയാണ് വകമാറ്റിയത്. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഐഎഎസ് ഓഫിസര്‍മാരായ ഡിഎസ്. പൂനിയ, പി സി ലോമുങ്ക, ഓ നബാകിഷോര്‍ സിങ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Tags:    

Similar News