ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫിസിലും റെയ്ഡ്.

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിലുള്ള പ്രതികാര നടപടികളാണ് ഇതെന്ന് ആംനസ്റ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചു.

Update: 2019-11-15 18:31 GMT

ബെംഗളൂരു: വിദേശ ധനസഹായം സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫിസിലും റെയ്ഡ്. നേരത്തെ ബെംഗളൂരുവിലെ ഓഫിസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. രാവിലെ മുതല്‍ വൈകീട്ട് 5 മണിവരെ റെയ്ഡ് നീണ്ടുനിന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് എന്നിവയുടെ രണ്ട് നഗരങ്ങളിലുള്ള ഓഫിസുകളിലും റെയ്ഡ് നടന്നിട്ടുണ്ട്.

വര്‍ഷങ്ങളായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലാണ്. മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫിസ് കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചതിനു പിന്നാലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എഫ്‌സിആര്‍എ നിയമം മറികടന്നുവെന്നാരോപിച്ചായിരുന്നു അന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. 

കഴിഞ്ഞ വര്‍ഷം ആംനസ്റ്റിക്കെതിരായ നീക്കത്തിനു ഒരാഴ്ച മുമ്പ് മറ്റൊരു അന്താരാഷ്ട്ര എന്‍ജിഒയായ ഗ്രീന്‍പീസിന്റെ ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ക്കു മേല്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും സംഭാവന സംബന്ധിച്ച് തെറ്റായ റിപോര്‍ട്ട് നല്‍കിയെന്ന് ആരോപിച്ച് ലൈസന്‍സുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശിക്കുകയോ ചെയ്തിരുന്നു.

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിലുള്ള പ്രതികാര നടപടികളാണ് ഇതെന്ന് ആംനസ്റ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചു. അടുത്തകാലത്തായി അത് വര്‍ധിച്ചു വരികയാണ്. ഇന്ത്യന്‍ നിയമങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും യോജിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലകളായ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ആംനസ്റ്റിയും ചെയ്യുന്നത്- പ്രസ്താവന തുടരുന്നു.

1961 ല്‍ ലണ്ടനില്‍ സ്ഥാപിതമായ ആംനസ്റ്റിക്ക് ഇപ്പോള്‍ 150 രാജ്യങ്ങളില്‍ നിന്നായി 7ം ലക്ഷം മെമ്പര്‍മാരുണ്ട്.  

Tags: