ട്രെയിനില്‍ കടത്തിയ 15 ലക്ഷത്തിന്റെ വെളളി ആഭരണങ്ങള്‍ പിടികൂടി

കച്ചെഗുഡയില്‍നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കച്ചെഗുഡ എക്‌സ്പ്രസില്‍നിന്ന് ഇന്ന് രാവിലെ കോഴിക്കോട് ആര്‍പിഎഫിന്റെ ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടികൂടിയത്.

Update: 2019-01-05 08:13 GMT

കോഴിക്കോട്: ട്രെയിനില്‍ കടത്തിയ 15 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങള്‍ പിടികൂടി. കച്ചെഗുഡയില്‍നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കച്ചെഗുഡ എക്‌സ്പ്രസില്‍നിന്ന് ഇന്ന് രാവിലെ കോഴിക്കോട് ആര്‍പിഎഫിന്റെ ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടികൂടിയത്. അധികൃതമായി കടത്താന്‍ ശ്രമിച്ച 20 കിലോയോളം വരുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഒന്നര കിലോ വെള്ളിക്കട്ട, പാദസരം, വള തുടങ്ങിയ ആഭരണങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ബാഗിലാക്കിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സേലം സ്വദേശി ഷാജഹാന്‍ (35) എന്നയാളെ പോലിസ് പിടികൂടി.

തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്ന ആഭരണങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലുള്ള വെള്ളി വ്യാപാരികള്‍ക്ക് കൈമാറാനായിരുന്നു നീക്കമെന്ന് പോലിസ് പറഞ്ഞു. നികുതി വെട്ടിച്ച് ആഭരണം കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തിരൂരില്‍നിന്ന് ഇയാളെ പിന്തുടര്‍ന്ന പോലിസ്, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയതായി പോലിസ് അറിയിച്ചു. എസ്‌ഐ സുനില്‍കുമാര്‍, ബിനീഷ്, പ്രവീണ്‍, ദേവരാജന്‍ എന്നീ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.


Tags:    

Similar News