കന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു

Update: 2022-08-11 10:31 GMT

കൊല്‍ക്കത്ത: കന്നുകാലിക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്ന് അനുബ്രതയുടെ അഭിഭാഷകര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് സി.ബി.ഐ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും അനുഗമിച്ചു. തൃണമൂലിന്റെ ബിര്‍ഭും ജില്ലാ മേധാവിയാണ് അനുബ്രത മൊണ്ഡല്‍.

സമന്‍സിനോട് പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് സിബിഐ ആസ്ഥാനത്തേക്ക് അയച്ച റിപോര്‍ട്ടില്‍ പറയുന്നു.

സിബിഐ ഉദ്യോഗസ്ഥര്‍ ആദ്യം അദ്ദേഹത്തിന്റെ വീട് വളഞ്ഞു. പ്രദേശത്ത് സ്വാധീനമുള്ള നേതാവാണ് അനുബ്രതയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ വീടിന്റെ എല്ലാ വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കേസിനോട് ഇയാള്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ ആരോപിച്ചു.

അദ്ദേഹത്തെ ഉടന്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരും. നേരത്തെ, അദ്ദേഹത്തിന്റെ ഡോക്ടര്‍, മൊണ്ടലിന് ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചിരുന്നു. ഫിസ്റ്റുല ചികിത്സിക്കുന്നതിനായി ഒരു ഓപ്പറേഷന് നടക്കാനിരിക്കെയാണ് അറസ്റ്റ്.

Similar News