സംഘ്പരിവാറിന്റെ വര്‍ഗ്ഗീയ പ്രചരണം ഏറ്റെടുത്ത് കത്തോലിക്കാ സഭ: 'ഹലാല്‍ ലേബല്‍' സാമ്പത്തിക ജിഹാദെന്ന് ലേഖനം

ഹലാല്‍ ലേബലുകള്‍ ബിസിനസില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക ജിഹാദ് ലക്ഷ്യം വെക്കുകയാണ് എന്ന, സംഘ്പരിവാര്‍ പോലും പറയാത്ത അത്രയും രൂക്ഷമായ ആരോപണമാണ് കത്തോലിക്കാ സഭ ഉന്നയിക്കുന്നത്.

Update: 2021-01-02 15:40 GMT

കോഴിക്കോട്: 'ലൗ ജിഹാദ്' എന്ന മുസ്‌ലിം സമൂദായത്തിന് എതിരായുള്ള സംഘ്പരിവാര്‍ ആരോപണത്തെ അതേപടി പിന്തുണച്ച് വര്‍ഗ്ഗീയ ചേരിതിരിവിനു ശ്രമിച്ച കത്തോലിക്കാ സഭ സംഘ്പരിവാറിന്റെ 'ഹലാല്‍ ലേബല്‍' വിരുദ്ധ പ്രചരണങ്ങളും ഏറ്റുപിടിക്കുന്നു. ഹലാല്‍ ലേബലിലൂടെ മുസ്‌ലിം സമൂഹം രാജ്യത്ത് സാമ്പത്തിക ജിഹാദ് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് എന്ന അത്യന്തം വിഷലിപ്തമായ പ്രചാരണമാണ് കത്തോലിക്കാ സഭ അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെ നടത്തുന്നത്.


'കത്തോലിക്കാ സഭ' എന്ന പ്രസിദ്ധീകരണത്തിന്റെ ഡിസംബര്‍ ലക്കത്തിലാണ് ക്രീസ്തീയ സഭ ഇസ്‌ലാം മതത്തിനു നേരെ കുപ്രചരണം നടത്തുന്നത്. 'കുറച്ചു കാലം വരെ ഇറച്ചിയിലൊഴികെ മത്സ്യത്തിനോ മറ്റു ഭക്ഷണ പദാര്‍ഥങ്ങള്‍ക്കോ ഹലാല്‍ ബാധകമായിരുന്നില്ല. എന്നാല്‍ ഇന്ന് ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും ഹലാല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപണമുയരുന്നു.' എന്ന് ആരോപിക്കുന്ന ലേഖനത്തില്‍ 'ഹലാല്‍ സിനിമ' വരെ ഈയിടക്ക് ഇറങ്ങി എന്ന നിരീക്ഷണവും നടത്തുന്നുണ്ട്.


ഹലാല്‍ ലേബലുകള്‍ ബിസിനസില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക ജിഹാദ് ലക്ഷ്യം വെക്കുകയാണ് എന്ന, സംഘ്പരിവാര്‍ പോലും പറയാത്ത അത്രയും രൂക്ഷമായ ആരോപണമാണ് കത്തോലിക്കാ സഭ ഉന്നയിക്കുന്നത്. ബിസിനസില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായാല്‍ പിന്നെ പൂര്‍ണ നിയന്ത്രണം ഇസ്‌ലാം മതത്തിനു കീഴില്‍ വരുമെന്നും ലേഖനത്തിലൂടെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തുന്നുമുണ്ട്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഇസ്‌ലാമിക സംസ്‌കാരം വളര്‍ത്താനാണ് ഹലാല്‍ ലേബലിലൂടെ ശ്രമിക്കുന്നതെന്നു പറയുന്ന കത്തോലിക്കാ സഭാ പ്രസിദ്ധീകരണം മുസ്‌ലിംകള്‍ അവരുടെ ആചാരങ്ങള്‍ അമുസ്‌ലിംകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നും ആരോപിക്കുന്നു.


ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യ കാലം മുതല്‍ തന്നെ അധികാര കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വിധേയത്വം കാണിച്ച് അനുഭാവ സമീപനത്തിലൂടെ കാര്യസാധ്യം നടത്തിയ അതേ രീതി തന്നെയാണ് സംഘ്പരിവാര്‍ ഭരണകാലത്തും കത്തോലിക്കാ സഭ പിന്‍തുടരുന്നത്. സുപ്രിം കോടതിയും രാജ്യത്തെ മറ്റ് ഹൈക്കോടതികളും തള്ളിക്കളഞ്ഞിട്ടു പോലും ലൗജിഹാദ് ഉണ്ടെന്നു സ്ഥാപിക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചത് ഇതേ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇപ്പോള്‍ ഹലാല്‍ ലേബലിന്റെ പേരില്‍ രാജ്യത്ത് ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ കത്തോലിക്കാ സഭ ആവര്‍ത്തിക്കുന്നതും ഭരണകൂടത്തിന്റെ പ്രീതി നേടിയെടുത്ത് കാര്യങ്ങള്‍ നടപ്പിലാക്കുക എന്ന തന്ത്രം തന്നെയാണ്.




Tags:    

Similar News