ജാതി തിരിച്ച് ഹാജര്‍ പുസ്തകം; സ്‌കൂളിനെതിരേ ശക്തമായ നടപടിയുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍

Update: 2021-11-03 05:48 GMT

ചെന്നൈ: ജാതി അടിസ്ഥാനത്തില്‍ പ്രൈമറി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ പുസ്തകം സൂക്ഷിച്ച ചെന്നൈയിലെ സ്‌കൂളിനെതിരേ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍. ഒരോ ജാതിയില്‍ പെട്ടവരുടെ പേരുകള്‍ ഒരുമിച്ച് കിടക്കുന്നതു ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കളാണ് ജാതി അടിസ്ഥാനത്തില്‍ ഹാജര്‍ പുസ്തകം തയ്യാറാക്കിയ വിവരം തിരിച്ചറിയുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ ചെറിയ ഗ്രൂപ്പുകളായി തിരിക്കാന്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂളുകാര്‍ പക്ഷേ, വിദ്യാര്‍ത്ഥികളെ ജാതി അടിസ്ഥാനത്തില്‍ തരംതിരിച്ചു. സാധാരണ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പേരുകള്‍ തരംതിരിക്കുക പതിവ്. അതാണ് സ്‌കൂളുകാര്‍ ജാതി അടിസ്ഥാനത്തിലാക്കിയത്.

എസ്‌സി, എസ് സി (ഒ), എംബിസി, ബിസി ഹിന്ദു, ബിസി ക്രിസ്ത്യന്‍, ബിസി മുസ് ലിം, മറ്റ് ജാതികള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

ഇത്തരമൊരു തരംതിരിവ് ബോധപൂര്‍വമായിരുന്നില്ലെന്നാണ് കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡി സ്‌നേഹ പറയുന്നത്. അന്വേഷണത്തിനു ശേഷം മാത്രമേ അത് സ്ഥിരീകരിക്കാനാവൂ എന്നും അവര്‍ വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് ജാതി തിരിച്ച് തയ്യാറാക്കിയതെന്ന് പക്ഷേ, അവര്‍ വ്യക്തമാക്കിയില്ല.

ജാതിക്കുപകരം അക്ഷരമാലാ ക്രമത്തില്‍ ക്രമീകരിച്ച ഹാജര്‍ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. മറ്റ് സ്‌കൂളുകളിലെ ഹാജര്‍ പുസ്തകങ്ങള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

Tags: